ജനങ്ങള്‍ക്ക് താല്‍ക്കാലിക ആശ്വാസമായി ഏപ്രിലില്‍ വൈദ്യുതി നിരക്ക് വര്‍ധനയില്ല. മാര്‍ച്ച് 31ന് അവസാനിക്കുന്ന താരിഫ് നിരക്ക് ജൂണ്‍ 30 വരെ നീട്ടി സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മിഷന്‍ ഉത്തരവായി. 2021 ഒക്ടോബര്‍ മുതല്‍ 2022 മാര്‍ച്ച് വരെ വൈദ്യുതി വാങ്ങാന്‍ അധികമായി ചെലവഴിച്ച തുക സര്‍ചാര്‍ജായി ഈടാക്കാനുള്ള കെഎസ്ഇബിയുടെ അപേക്ഷയും കമ്മിഷന്‍ തള്ളി.
ഗാര്‍ഹിക ഉപയോക്താക്കള്‍ക്ക് യൂണിറ്റിന് ശരാശരി 25 പൈസ വരെ കൂട്ടി കഴിഞ്ഞ വര്‍ഷം ജൂണ്‍ 25നാണ് റഗുലേറ്ററി കമ്മിഷന്‍ പുതുക്കിയ താരിഫ് ഇറക്കിയത്. അഞ്ചുവര്‍ഷത്തേക്കുള്ള നിരക്ക് ഒരുമിച്ച് പ്രഖ്യാപിക്കാതെ ഒറ്റ വര്‍ഷത്തേക്കുള്ള നിരക്ക് മാത്രം നിശ്ചയിച്ചു. ജൂണ്‍ 30 വരെ അല്ലെങ്കില്‍ അടുത്ത താരിഫ് പ്രഖ്യാപിക്കുന്നതുവരെ ഇപ്പോഴത്തെ നിരക്ക് തുടരും.
എന്നാല്‍ 2022 ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ വൈദ്യുതി വാങ്ങാന്‍ അധികമായി ചെലവഴിച്ച തുക യൂണിറ്റിന് ഒന്‍പതു പൈസ വീതം മേയ് 31 വരെ ഈടാക്കാന്‍ കമ്മിഷന്‍ നേരത്തെ ഉത്തരവിട്ടിരുന്നു.