ബലാല്‍സംഗക്കേസിലെ അതിജീവിതയുടെ ഗര്‍ഭഛിദ്രക്കേസില്‍ ഗുജറാത്ത് ഹൈക്കോടതിയെ വീണ്ടും രൂക്ഷമായി വിമര്‍ശിച്ച് സുപ്രീംകോടതി. ഗര്‍ഭഛിദ്രത്തിന് അനുമതി തേടി സമര്‍പ്പിച്ച അപേക്ഷയില്‍ തീരുമാനം വൈകിയെന്ന് സുപ്രീംകോടതി ശനിയാഴ്ച വിമര്‍ശിച്ചതിന് പിന്നാലെ ഹൈക്കോടതി ജഡ്ജി ന്യായീകരണ ഉത്തരവ് ഇറക്കിയതാണ് പരമോന്നത കോടതിയെ രോഷംകൊള്ളിച്ചത്.
ഗുജറാത്ത് ഹൈക്കോടതിയില്‍ എന്താണ് നടക്കുന്നതെന്ന് ജസ്റ്റിസ് ബി.വി.നാഗരത്ന, ജസ്റ്റിസ് ഉജ്വല്‍ ഭുയാന്‍ എന്നിവരുള്‍പ്പെട്ട സുപ്രീംകോടതി ബെഞ്ച് ചോദിച്ചു. രാജ്യത്തെ ഒരു കോടതിക്കും ജഡ്ജിക്കും സുപ്രീംകോടതിയെ ധിക്കരിക്കാനാവില്ല. ജഡ്ജിമാര്‍ മേല്‍ക്കോടതികളുടെ ഉത്തരവുകളോട് പ്രതികരിക്കാറുണ്ടോയെന്നും അത്തരം പ്രവണതകള്‍ അംഗീകരിക്കില്ലെന്നും കോടതി പറഞ്ഞു.
28 ആഴ്ച പ്രായമായ ഗര്‍ഭം അലസിപ്പിക്കാന്‍ കോടതി അതിജീവിതയ്ക്ക് അനുമതി നല്‍കി. ഇന്ന് രാവിലെ 9 മണിക്ക് ആശുപത്രിയിലെത്താനും നിര്‍ദേശിച്ചു. ഹൈക്കോടതിക്കും ജഡ്ജിക്കുമെതിരായ വിമര്‍ശനം ഉത്തരവില്‍ ഉള്‍പ്പെടുത്തരുതെന്ന സോളിസിറ്റര്‍ ജനറലിന്റെ അഭ്യര്‍ഥന കോടതി അംഗീകരിച്ചു. മെഡിക്കല്‍ നടപടികള്‍ക്കുശേഷം കുട്ടിക്ക് ജീവനുള്ളതായി കണ്ടെത്തിയാല്‍ ഇന്‍ക്യുബേഷന്‍ സൗകര്യമുള്ള ആശുപത്രിയിലേക്ക് മാറ്റണമെന്നും ജീവന്‍ നിലനിര്‍ത്താന്‍ ആവശ്യമായ നടപടികള്‍ കൈക്കൊള്ളണമെന്നും കോടതി ഉത്തരവിട്ടു. ഭാവിയില്‍ കുട്ടിയെ ദത്ത് നല്‍കാനുള്ള ചുമതല സര്‍ക്കാരിനായിരിക്കുമെന്നും ഉത്തരവില്‍ പറയുന്നു.
ബലാല്‍സംഗത്തിനിരയായി ഗര്‍ഭം ധരിച്ച പെണ്‍കുട്ടി ഗര്‍ഭഛിദ്രത്തിന് അനുമതി തേടി നല്‍കിയ ഹര്‍ജി 12 ദിവസത്തിനുശേഷമാണ് ഗുജറാത്ത് ഹൈക്കോടതി പരിഗണിച്ചത്. പിന്നീട് കഴിഞ്ഞ വ്യാഴാഴ്ച വേഗത്തില്‍ വാദംകേട്ട് ഹര്‍ജി തള്ളുകയും ചെയ്തു. ശനിയാഴ്ച പ്രത്യേകസിറ്റിങ് നടത്തി സുപ്രീംകോടതി അപ്പീല്‍ പരിഗണിക്കുമ്പോഴും ഹൈക്കോടതി ഉത്തരവ് അപ്‍ലോഡ് ചെയ്തിരുന്നില്ല. വിലപ്പെട്ട സമയം നഷ്ടമാക്കിയതില്‍ വിശദീകരണം നല്‍കാന്‍ ഹൈക്കോടതി റജിസ്ട്രിയോട് ഉത്തരവിട്ട കോടതി സിംഗിള്‍ ബെഞ്ചിന്റെ മെല്ലെപ്പോക്കിനെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു.
അതിജീവിതയോട് പ്രസവിക്കാന്‍ നിര്‍ബന്ധിച്ച ഹൈക്കോടതി നടപടി ഭരണഘടനാമൂല്യങ്ങള്‍ക്ക് നിരക്കാത്തതും അന്യായവുമായ ഉപാധിയാണെന്ന് ജസ്റ്റിസ് ഉജ്വല്‍ ഭുയാന്‍ കുറ്റപ്പെടുത്തി. വിവാഹത്തിന് ശേഷമുള്ള സ്വാഭാവിക ഗര്‍ഭധാരണം സന്തോഷത്തിന്റെയും ആഹ്ലാദത്തിന്റെയും സമയമാണ്. എന്നാല്‍ ലൈംഗികാതിക്രമം വഴിയുണ്ടാകുന്ന ഗര്‍ഭധാരണം അതിജീവിതയുടെ മാനസികാരോഗ്യത്തിന് ഹാനികരമാണെന്ന് സുപ്രീംകോടതി ഉത്തരവില്‍ രേഖപ്പെടുത്തി. ബലാല്‍സംഗക്കേസില്‍ തെളിവായി ഭ്രൂണത്തിന്റെ ഡിഎന്‍എ സാംപിള്‍ ശേഖരിക്കണമെന്ന് അതിജീവിതയുടെ അഭിഭാഷകന്‍ സഞ്ജയ് പരീഖ് അഭ്യര്‍ഥിച്ചു. ഇക്കാര്യം ഡോക്ടര്‍മാരുടെ തീരുമാനത്തിന് വിടുകയാണെന്ന് കോടതി പറഞ്ഞു.