സിനിമകളിലൂടെയും സീരിയലുകളിലൂടെയും മലയാളികളുടെ പ്രിയതാരമായി മാറിയ നടിയാണ് നിഷാ സാരംഗ്. ഫ്ലവേഴ്സ് ചാനലിൽ സംപ്രേഷണം ചെയ്യുന്ന ഉപ്പും മുളകും സീരിയലിലൂടെ ശ്രദ്ധേയയായ താരത്തെ മലയാളികൾക്ക് ബാലുവിന്റെ ഭാര്യയും മുടിയനും കേശുവും ലച്ചുവും പാറുവുമടങ്ങുന്ന കുടുംബത്തിന്റെ അമ്മയായ നീലുവായി കാണാനാണ് ഏറെ ഇഷ്ടം. സീരിയലിന്റെ അണിയറ പ്രവർത്തകരുമായി ഉണ്ടായ ചില അഭിപ്രായ വ്യത്യാസങ്ങളുടെ പേരിൽ സീരിയലിന്റെ കൂടുതൽ സീസണുകൾ വന്നിരുന്നില്ല. ഇക്കാര്യം നിഷ അടങ്ങുന്ന പ്രധാന ആർട്ടിസ്റ്റുകൾ തന്നെ വെളിപ്പെടുത്തിയിരുന്നു.
ഇപ്പോഴിതാ ഏറ്റവും ഒടുവിൽ പുറത്തുവന്ന താരത്തിന്റെ ഒരു അഭിമുഖത്തിൽ ഉപ്പും മുളകും സീരിയൽ വീണ്ടും ആവർത്തിക്കുമോ എന്ന അവതാരകന്റെ ചോദ്യത്തിനുമുന്നിൽ നൽകിയ മറുപടിയാണ് ചർച്ചയാവുന്നത്. ഉപ്പും മുളകിന്റെ ടീം തന്നെ ഇനി ഉണ്ടാകുമോ എന്ന് സംശയമാണെന്നും അക്കാര്യം ചർച്ച ചെയ്യാതിരിക്കുന്നതാണ് നല്ലതെന്നുമാണ് നിഷ വ്യക്തമാക്കിയത്.
‘സത്യമെന്താണെന്ന് കാലം തെളിയിക്കും. ആ വിഷയത്തിൽ കൂടുതൽ സംസാരിക്കാതിരിക്കുന്നതായിരിക്കും ഇപ്പോൾ നല്ലത്. സിനിമാ-സീരിയൽ മേഖലയിൽ മാത്രമല്ല, ഏതു മേഖലയിൽ ആണെങ്കിലും നമുക്ക് എല്ലാവരേയും വിശ്വസിക്കാൻ സാധിക്കില്ല. നമുക്കു ചുറ്റും പല തരത്തിലുള്ള ആളുകൾ ഉണ്ടാകും. എത്രയൊക്കെ ശ്രദ്ധിച്ചാലും ചിലപ്പോൾ ചതിയിൽ വീഴാം. വീഴാതെ നോക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്. കഥാപാത്രം ചെയ്യുമ്പോൾ ആ കഥാപാത്രമായി മാത്രം ഇരിക്കുക. ഒപ്പം അഭിനയിച്ചവരേയും കഥാപാത്രങ്ങളായി മാത്രം കാണുക. അതാണ് നല്ലത്. സംഭവിച്ചത് സംഭവിച്ചു. ഇനി അടുത്തത് ദൈവം എന്താണോ നമുക്ക് വിധിച്ചിരിക്കുന്നത് അതുപോലെയേ നടക്കൂ. ഒന്നുകിൽ അത്, അല്ലെങ്കിൽ മറ്റൊന്ന്. എന്തായാലും ജീവിച്ചല്ലേ പറ്റൂ, ആ ടീം തന്നെ ഇനി ഉണ്ടാകുമോയെന്ന് പറയാൻ സാധിക്കില്ല. നമ്മൾ ആഗ്രഹിക്കുന്നത് പോലെ എല്ലാം നടക്കണം എന്നൊന്നുമില്ലല്ലോ” നിഷ പറഞ്ഞതിങ്ങനെ.