ബിഗ് ബോസ് മലയാളം സീസൺ 7 ഏറ്റവും ജനപ്രീതിയുള്ള മത്സരാർഥികളിൽ രണ്ട് പേരായിരുന്നു ആദിലയും നൂറയും. ഷോ തുടങ്ങിയപ്പോൾ ഒറ്റ മത്സരാർത്ഥികളായിരുന്നുവെങ്കിലും പിന്നീട് ഇരുവരും രണ്ട് മത്സരാർത്ഥികളായാണ് മത്സരിച്ചത്. ടിക്കറ്റ് ടു ഫിനാലെ വിജയിച്ച് ഫൈനൽ വീക്കിലെത്തിയ നൂറ 99 ദിവസവും, ആദില 95 ദിവസവുമായിരുന്നു ഹൗസിലുണ്ടായിരുന്നത്. ഷോയിൽ സഹമത്സരാർത്ഥിയായ ലക്ഷ്മി ഇരുവരെയും വീട്ടിൽ കയറ്റില്ല എന്ന് പറഞ്ഞത് വലിയ ചർച്ചയായിരുന്നു. വിഷയത്തിൽ മറ്റു മത്സരാർത്ഥികളും ലാലേട്ടൻ അടങ്ങുന്നവരും പൊതുജനങ്ങളും വ്യാപകമായി ആദില-നൂറയ്‌ക്കൊപ്പം നിന്നിരുന്നു. പിന്നാലെ ഷോ വിസിറ്റ് ചെയ്ത ലക്ഷ്മിയുടെ അമ്മയും ഇതേ സമീപനം സ്വീകരിച്ചിരുന്നു. വീട്ടിൽ കയറ്റിയില്ലെങ്കിലും സിറ്റൗട്ടിലെങ്കിലും ഇരുത്തും എന്നായിരുന്നു ലക്ഷ്മിയുടെ അമ്മ ബിഗ്ബോസ് ഹൗസിനുള്ളിൽ വെച്ച് പറഞ്ഞത്. ഇതിനെതിരെ രംഗത്തു വന്നിരിക്കുകയാണ് സെലിബ്രിറ്റി മേക്കപ്പ് ആർടിസ്റ്റും ട്രാൻസ്‍വുമണുമായ രഞ്ജു രഞ്ജിമാർ.
”ആ സമയത്ത് നൂറയുടെ മുഖത്തുണ്ടായ നിസ്സഹായാവസ്ഥ കണ്ടപ്പോൾ വിഷമം തോന്നി. അതേ ഡയലോഗ് ലക്ഷ്മിയുടെ അമ്മയും വന്നിട്ട് പറഞ്ഞു. വീട്ടിൽ കയറിയില്ലെങ്കിലും സിറ്റൗട്ടിൽ ഇരുത്തുമെന്ന് പറയുമ്പോൾ പട്ടികളും സിറ്റൗട്ടിൽ ഇരിക്കും. നീയൊക്കെ പട്ടികളാണ്, അവിടെ ഇരുന്നാൽ മതിയെന്ന ധ്വനിയാണ് എനിക്ക് ഫീൽ ചെയ്തത്. എന്റെ പേര് പരാമർശിച്ചാണ് അവരത് പറഞ്ഞിരുന്നതെങ്കിൽ ഏതറ്റം വരെ കേസിന് പോയാലും അടിച്ച് പല്ല് കൊഴിപ്പിച്ചേ ഞാൻ അവിടെ നിന്നും ഇറങ്ങുമായിരുന്നുള്ളൂ. നിന്റെ സിറ്റൗട്ടിൽ വന്നിരിക്കാൻ ഞാൻ വരില്ല, പകരം നീ എന്റെ സിറ്റൗട്ടിൽ വന്നിരിക്കെടീ എന്ന് ഞാൻ പറഞ്ഞേനെ. അത്രയ്ക്ക് വേദനാജനകവും അരോചകവുമായ വാക്കാണ് ആ സ്ത്രീ അവിടെ പറഞ്ഞത്. വിത്ത് ഗുണം പത്ത് ഗുണം എന്ന് പറയുന്നതാണ് അവിടെ സംഭവിച്ചത്. ജാൻമണി ദാസ് ബിഗ് ബോസിലുണ്ടായിരുന്നെങ്കിൽ ലക്ഷ്മി തീർന്നേനെ”, രഞ്ജു രഞ്ജിമാർ പറഞ്ഞു.








