ദിവസവും രണ്ട് നേരം പല്ലുതേയ്‌ക്കണമെന്നാണ് ആരോഗ്യവിദഗ്ധർ നിർദേശിക്കാറുള്ളത്. പല്ലിന്റെ ബലവും നിറവും വർദ്ധിപ്പിക്കാൻ രാവിലെയും രാത്രിയും പല്ല് വൃത്തിയാക്കുന്നത് വളരെ നല്ലതാണ്. എത്ര തവണ പല്ലു തേയ്‌ക്കുന്നോ അത്രയും നല്ലതാണെന്ന ചിന്ത ചിലർക്കിടയിലുണ്ട്. എന്നാൽ അങ്ങനെ ഏത് സാഹചര്യത്തിലും പല്ലു തേയ്‌ക്കരുതെന്നാണ് ദന്തഡോക്ടർമാർ പറയുന്നത്. പല്ലു തേയ്‌ക്കാൻ പാടില്ലാത്ത 2 സാഹചര്യങ്ങളെക്കുറിച്ചറിയാം..
- ഛർദ്ദിച്ചതിന് ശേഷം പല്ലു തേയ്‌ക്കരുത്
ഛർദ്ദിച്ചാൽ തൊട്ടുപിന്നാലെ പല്ലു തേയ്‌ക്കാൻ താത്പര്യപ്പെടുന്നവരായിരിക്കും ഭൂരിഭാഗമാളുകളും. എന്നാൽ അത് പാടില്ലെന്ന് ദന്തരോഗ വിദഗ്ധർ പറയുന്നു. ധാതുക്കളാൽ സമ്പന്നമാണ് പല്ലുകൾ. അവ ലോലമാണ്. ഛർദ്ദിച്ച സമയത്ത് വയറിൽ നിന്നുള്ള ആസിഡ് വായിൽ അവശേഷിക്കുന്നു. ഈ സമയത്ത് പല്ലു തേയ്‌ക്കുന്നത് പല്ലുകളിൽ ആസിഡ് തേച്ചുപിടിക്കുന്നതിന് തുല്യമായിരിക്കും. ഇത് പല്ലുകളുടെ ആരോഗ്യത്തിന് ഗുണകരമല്ല. അതിനാൽ ഛർദ്ദിച്ച ഉടനെ പല്ലു തേയ്‌ക്കരുത്.
ഛർദ്ദിച്ചതിന് ശേഷം നല്ലപോലെ വായ കഴുകുന്നതാണ് നല്ലത്. ഇതിനായി മൗത്ത് വാഷർ ഉപയോഗിക്കാം. വെള്ളം കുടിക്കുകയും ചെയ്യാം.
- കോഫി കുടിച്ചതിന് തൊട്ടുപിന്നാലെ..
രാവിലെ കോഫി കുടിച്ചതിന് ശേഷം പല്ലുതേയ്‌ക്കുന്നവരാണെങ്കിൽ അതുപാടില്ലെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്. കോഫി കുടിച്ച് 30-60 മിനിറ്റ് കഴിയുമ്പോഴേ പല്ലുതേയ്‌ക്കാവൂ. കാരണം പാലും പഞ്ചസാരയും ചേർത്തുണ്ടാക്കുന്ന കാപ്പി വളരെയധികം അസിഡിക് ആണ്.