റീ റിലീസുകൾ വെള്ളിത്തിര വാഴുന്ന ഒരു സവിശേഷ കാലത്താണിപ്പോൾ നാമുള്ളത്. ഈയടുത്ത് പുറത്തിറങ്ങിയ വിജയ് ചിത്രം ഗില്ലിയും മലയാള ചിത്രങ്ങളായ സ്ഫടികം, ദേവദൂതൻ എന്നിവയ്ക്കും അത്ര വലിയ സ്വീകാര്യതയാണ് പ്രേക്ഷകർ തിയറ്ററുകയിൽ നൽകിയത്. പ്രത്യേകിച്ചും യുവാക്കൾ. ഇപ്പോഴിതാ മലയാളത്തിലെ ക്ലാസിക് സിനിമയായ മണിച്ചിത്രത്താഴിന്റെ റീ റിലീസിനും തിയറ്റർ ഉജ്വല വരവേൽപ്പ് നൽകിയെന്ന വാർത്തയാണ് പുറത്തുവരുന്നത്.
ഏറ്റവും പുതിയ സാങ്കേതികവിദ്യയുടെ സഹായത്തോടെ ഫോർ കെ അറ്റ്മോസിൽ ആഗസ്റ്റ് 17നാണ് ചിത്രം പുറത്തിറങ്ങിയത്. ഇതിനോടകം 1.10 കോടിയാണ് മണിച്ചിത്രത്താഴ് രണ്ട് ദിവസം കൊണ്ട് കേരളത്തിൽ നിന്നും കലക്ട് ചെയ്തത്. റസ്റ്റ് ഓഫ് ഇന്ത്യ മാർക്കറ്റിലും ചിത്രത്തിന് നേട്ടമുണ്ടാക്കാൻ സാധിക്കുന്നുണ്ട് എന്നാണ് വിലയിരുത്തൽ.
31 വർഷങ്ങൾക്കിപ്പുറം തിയേറ്ററുകളിലേക്കെത്തിയ ചിത്രത്തിന്റെ സൗണ്ട് ക്വാളിറ്റിക്കും വിഷ്വലിനും വലിയ കയ്യടിയാണിപ്പോൾ ലഭിക്കുന്നത്. എക്കാലത്തെയും മികച്ച സിനിമകളിൽ ഒന്നായ ചിത്രത്തിൽ മോഹൻലാൽ, സുരേഷ് ഗോപി, തിലകൻ, നെടുമുടി വേണു, ഇന്നസെന്റ്, സുധീഷ്, കെപിഎസി ലളിത തുടങ്ങിയവർ കസറിയപ്പോൾ ഗംഗ എന്ന കഥാപാത്രമായി ശോഭന പ്രകടനത്തിൽ അമ്പരപ്പിച്ചിരുന്നു. ഈ ദൃശ്യാനുഭവം ഒരിക്കൽ കൂടി ബിഗ് സ്‌ക്രീനിൽ കാണാനായതിന്റെ സന്തോഷത്തിലാണ് പലരും.