Spread the love

2024 അവസാനിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ തകർപ്പൻ വയലൻസുമായി തിയറ്ററുകളിൽ എത്തിയ ചിത്രം ‘മാർക്കോ’ വൻ തരംഗം സൃഷ്ടിക്കുകയാണ്. ഉണ്ണി മുകുന്ദന്റെ കരിയർ ബെസ്റ്റ് ഓപ്പണിങ്ങോടെ ആരംഭിച്ച ചിത്രത്തിന്റെ കലക്ഷൻ വൻ പ്രേക്ഷക പ്രതികരണത്തോടൊപ്പം മുന്നേറുകയാണ്. ഈ അവസരത്തിൽ ചിത്രത്തെയും ചിത്രത്തിലെ നടന്റെ പ്രകടനത്തേയും അഭിനന്ദിച്ചു പ്രമുഖ സംവിധായകരടക്കമുള്ള നിരവധി പേരാണ് രംഗത്തെത്തുന്നത്.

ഉണ്ണി മുകുന്ദൻ തന്റെ കഴിവിലൂടെയും അധ്വാനത്തിലൂടെയും ഒരു പാൻ ഇന്ത്യൻ സ്റ്റാറായി മാറുകയാണ് എന്നും ഒരു കാരണവും ഇല്ലെങ്കിൽ പോലും പലപ്പോഴായി താരം നേരിട്ട വിദ്വേഷ പ്രചരണങ്ങൾക്കും പലതരം അധിക്ഷേപങ്ങൾക്കുമുള്ള റിവാഡ് കൂടിയാണ് മാർക്കോയുടെ വിജയം എന്നും പലരും പറയുന്നു. ഇപ്പോഴിതാഅഭിനയ ജീവിതത്തിന്റെ തുടക്കകാലത്ത് ഉണ്ണി മുകുന്ദനുമയി സ്ക്രീൻ പങ്കിട്ടതിന്റെ ഓർമ്മ ഒരു ചാനൽ പരിപാടിക്കിടെ നടി അനന്യ പങ്കുവെച്ചതിന്റെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറൽ ആകുന്നത്.

നന്ദനത്തിന്റെ തമിഴ് റീമേക്ക് ചിത്രത്തിലൂടെ ആയിരുന്നു തങ്ങളുടെ കൂടിക്കാഴ്ച എന്നും പ്രസ്തുത ചിത്രം തന്റെ കരിയറിലെ മൂന്നാമത്തെ ചിത്രവും ഉണ്ണിയെ സംബന്ധിച്ചിടത്തോളം ആദ്യത്തെ ചിത്രവും ആയിരുന്നുവെന്നും പറഞ്ഞു തുടങ്ങിയ അനന്യ ചിത്രത്തിൽ ഉണ്ണി തന്നെ കെട്ടിപ്പിടിക്കുന്ന ഒരു രംഗം ഉണ്ടായിരുന്നു എന്നും പറയുന്നു. ഈ രംഗം ഷൂട്ട് ചെയ്യുന്ന ദിവസം ഉണ്ണിയുടെ അച്ഛൻ ലൊക്കേഷനിൽ വന്നിരുന്നുവെന്നും ഒരുപാട് അധികം ഷോട്ടുകൾ എടുത്തിട്ടും ഉണ്ണി തന്നെ കെട്ടിപ്പിടിക്കാൻ തയ്യാറായില്ലെന്നും താരം പറയുന്നു. വളരെയധികം സമയമെടുത്ത ശേഷം ആ രംഗം തങ്ങൾ പൂർത്തീകരിച്ചു എന്നും എന്നാൽ ഉണ്ണിയെ കെട്ടിപ്പിടിക്കുന്ന സമയത്ത് താരത്തിന്റെ ഹൃദയമിടിപ്പ് തനിക്ക് വളരെ അടുത്തറിയാൻ കഴിഞ്ഞു എന്നും അനന്യ പറയുന്നു. പിന്നീട് ഒരിക്കൽ ഉണ്ണിയെ കണ്ടപ്പോൾ അന്ന് അങ്ങനെ ഹൃദയമിടിക്കാൻ കാരണം ഉള്ളിലെ പേടിയായിരുന്നു എന്ന് ഉണ്ണി വെളിപ്പെടുത്തി എന്നുമാണ് താരം പറഞ്ഞത്. പിന്നാലെ ഇപ്പോഴും നടിമാരുമായി ഇടപഴകി അഭിനയിക്കാൻ ഭയമുണ്ടോ എന്നൊരു ചോദ്യവും ഉണ്ണി മുകുന്ദനോട് താരം ചോദിക്കുന്നുണ്ട്.

Leave a Reply