പൊലീസ് രേഖകളിൽ ഇനി ‘പ്രേതപരിശോധന’ ഇല്ല. പകരം ഇൻക്വസ്റ്റ് എന്ന് വാക്ക് ഉപയോഗിക്കാൻ ആഭ്യന്തരവകുപ്പ് ഡിജിപിക്കു നിർദേശം നൽകി. ഭാഷാപരമായി ഏറെ വികസിച്ചിട്ടും ‘പ്രേതപരിശോധന’ ഉൾപ്പെടെയുള്ള ഉപയോഗങ്ങൾ തുടരുന്നതിനെതിരെ പൊതുപ്രവർത്തകനായ ബോബൻ മാട്ടുമന്തയുടെ പരാതിയിലാണു നടപടി.
അപകടമരണങ്ങളിലെ മൃതദേഹത്തെയാണു ‘പ്രേതം’ എന്നു പ്രയോഗിച്ചിരുന്നത്. മൃതശരീരത്തോടുള്ള അനാദരമാണ് ‘പ്രേതം’ എന്ന വാക്കെന്നു പരാതിയിൽ പറയുന്നു. മൃതദേഹ പരിശോധന എന്ന വാക്ക് ഉപയോഗിക്കണമെന്നാണു ബോബൻ ആവശ്യപ്പെട്ടിരുന്നതെങ്കിലും ‘ഇൻക്വസ്റ്റ്’ എന്ന വാക്ക് തുടരുമെന്നാണ് ആഭ്യന്തരവകുപ്പിൽ നിന്നു ഡിജിപിക്കു നൽകിയ നിർദേശത്തിൽ സൂചിപ്പിക്കുന്നത്.