കുറവിലങ്ങാട് : സ്കൂൾ കലോത്സവങ്ങളും കായിക, ശാസ്ത്രമേളകളും വീണ്ടുമെത്തുമ്പോൾ പാചകവിദഗ്ധൻ പഴയിടം മോഹനൻ നമ്പൂതിരിയുടെ നിലപാടിൽ മാറ്റമില്ല; ഇത്തവണ സ്കൂൾ മേളകളുടെ ഊട്ടുപുരയിൽ ഉണ്ടാകില്ല. ജനുവരിയിൽ കോഴിക്കോട്ടെ സംസ്ഥാന കലോത്സവത്തിന്റെ അടുക്കളയിൽ നിന്ന് യാത്ര പറഞ്ഞിറങ്ങിയതാണു പഴയിടം.
2000ൽ കോട്ടയത്തെ റവന്യു ജില്ലാ കലോത്സവത്തിലാണ് ആദ്യമായി പാചകച്ചുമതല ഏറ്റെടുക്കുന്നത്. അന്നു മുതൽ ഈ വർഷം ജനുവരിയിൽ കോഴിക്കോട്ട് നടന്ന സംസ്ഥാന കലോത്സവം വരെയുള്ള സ്കൂൾ മേളകളിൽ രണ്ടേകാൽ കോടി കുട്ടികൾക്കു ഭക്ഷണം വിളമ്പിയെന്നാണു പഴയിടത്തിന്റെ കണക്ക്.
പാചകച്ചുമതല മറ്റുള്ളവർക്ക് അവസരം നൽകാൻ വേണ്ടിക്കൂടിയുമാണ് ഈ പിന്മാറ്റം. ജോലിക്കാരുടെ കുറവ് ഉൾപ്പെടെയുള്ള പ്രശ്നങ്ങളുമുണ്ട്. അന്നത്തെ വിവാദങ്ങളും അതിനോടുള്ള പ്രതികരണങ്ങളും ചർച്ചകളും മനസ്സിൽ ആഴത്തിലുള്ള മുറിവേൽപിച്ചെങ്കിലും അതെല്ലാം ഉണങ്ങിയെന്ന് പഴയിടം പറയുന്നു.