കാത്തിരിപ്പിന് വിരാമം,
ഷഫീനക്കും മുഹമ്മദ് റയ്ഹാനും പൗരത്വമായി
ഏറെനാളത്തെ കാത്തിരിപ്പിനൊടുവിൽ ഇന്ത്യൻ പൗരത്വം കൈപ്പറ്റിയതിന്റെ സന്തോഷത്തിലാണ് ഷഫീനയും മുഹമ്മദ് റയ്ഹാനും. ഉമ്മ ഷാമിലയ്ക്കൊപ്പം കലക്ട്രേറ്റിലെത്തി ജില്ലാ കലക്ടർ ഹരിത വി കുമാറിൽനിന്ന് ഇരുവരും പൗരത്വ രേഖകൾ ഏറ്റുവാങ്ങി. ജനനം കൊണ്ട് ലഭിച്ച മലേഷ്യൻ പൗരത്വമായിരുന്നു ഇവർക്ക് ഇന്ത്യൻ പൗരത്വം ലഭിക്കുന്നതിനുള്ള പ്രധാന തടസം. മലേഷ്യയിലാണ് ജനിച്ചതെങ്കിലും ഇരുവരും വളർന്നതും വിദ്യാഭ്യാസം നേടിയതും കേരളത്തിൽ നിന്നാണ്.
ഗുരുവായൂർ സ്വദേശിയായ ഷാമില 1993ലാണ് മലേഷ്യൻ പൗരനായ അബ്‌ദുൾ റഷീദിനെ വിവാഹം ചെയ്ത് മലേഷ്യയിലെത്തിയത്. മൂന്ന് വർഷങ്ങൾക്ക് ശേഷം ഷഫീന ബിൻതി, മുഹമ്മദ് റയ്ഹാൻ ബിൻ എന്നിവർ ജനിച്ചു. ബിസിനസ്കാരനായിരുന്ന അബ്‌ദുൾ റഷീദിന് കച്ചവടത്തിൽ തിരിച്ചടികൾ നേരിട്ടതോടെ 1999ൽ ഷഫീന ഒന്നും, രണ്ടും വയസ് മാത്രമുള്ള മക്കളെ കൂട്ടി സ്വന്തം നാട്ടിലെത്തി. വർഷം തോറും പുതുക്കേണ്ട റസിഡൻഷ്യൽ രേഖയിലാണ് ഇത്രനാളും ഇരുവരും വിദ്യാഭ്യാസവും സാമൂഹിക ആവശ്യങ്ങളും നിറവേറ്റിയിരുന്നത്. വർഷം തോറും 7500 രൂപയോളം ഈ രേഖയ്ക്ക് വേണ്ടി ചെലവ് വന്നിരുന്നു. എൻജിനീയറിങ് കഴിഞ്ഞ മുഹമ്മദ് റിയാന് അനേകം തൊഴിൽ അവസരങ്ങളാണ് പാസ്പോർട്ട് ഇല്ലാത്തതിനാൽ നഷ്ടമായത്. വിവാഹിതയായ ഷഫീനയ്ക്ക് പാസ്പോർട്ട് ഇല്ലാത്തതിനാൽ ഭർത്താവിനൊപ്പം ഗൾഫിൽ പോകാനും കഴിഞ്ഞില്ല. പൗരത്വം ലഭിച്ചതോടെ ഇനി ഉടൻ പാസ്പോർട്ട് ലഭിക്കുമെന്നും മാറ്റി വെച്ച ജീവിതാഭിലാഷങ്ങൾ ഓരോന്നായി യഥാർത്ഥ്യമാക്കാൻ കഴിയുമെന്നുമുള്ള പ്രതീക്ഷയിലാണ് ഈ സഹോദരങ്ങൾ.