വൈദ്യുതി സംബന്ധമായ സേവനങ്ങൾക്കായി കെ എസ് ഇ ബി സെക്ഷൻ ഓഫീസ് സന്ദർശിക്കേണ്ടതില്ല. 1912 എന്ന നാലക്ക ടോൾഫ്രീ നമ്പറിലേക്ക് ഒറ്റ ഫോൺ കാൾ മതി, സേവനങ്ങൾ നിങ്ങളുടെ വാതിൽപ്പടിയിലെത്തും. പുതിയ വൈദ്യുതി കണക്ഷൻ, ഉടമസ്ഥാവകാശം മാറ്റൽ, ഫെയ്സ്/ കണക്റ്റഡ് ലോഡ് മാറ്റൽ, താരിഫ് മാറ്റൽ, വൈദ്യുതി മീറ്റർ/ ലൈൻ മാറ്റി സ്ഥാപിക്കൽ തുടങ്ങിയ സേവനങ്ങൾക്കായി ഒരൊറ്റ ഫോൺ കോൾ മതിയാവും. 1912 എന്ന കസ്റ്റമർകെയർ നമ്പരിലേക്കാണ് വിളിക്കേണ്ടത്. കോൾ കണക്റ്റാവുമ്പോൾ വീണ്ടും 19 ഡയൽ ചെയ്ത് കസ്റ്റമർകെയർ എക്സിക്യൂട്ടീവുമായി സംസാരിച്ച് രജിസ്റ്റർ ചെയ്യാം. അപേക്ഷ അപ്പോൾത്തന്നെ കമ്പ്യൂട്ടർ സംവിധാനം വഴി അതത് സെക്ഷൻ ഓഫീസിലേക്ക് കൈമാറും. സെക്ഷൻ ഓഫീസിൽ നിന്ന് കെ എസ് ഇ ബി ഉദ്യോഗസ്ഥൻ ഉപഭോക്താവിനെ ഫോണിൽ ബന്ധപ്പെട്ട് വിശദാംശങ്ങൾ തിരക്കുകയും വേണ്ട നിർദ്ദേശങ്ങൾ നൽകുകയും ചെയ്യും. ഉപഭോക്താവിന് സൗകര്യമുള്ള സമയത്ത് ഉദ്യോഗസ്ഥൻ സ്ഥലം സന്ദർശിച്ച് വേണ്ട നടപടി സ്വീകരിക്കും.