പല സിനിമകളിലും പ്രതിഫലം വാങ്ങാതെയായാണ് കലാഭവൻ മണി അഭിനയിച്ചതെന്ന് തുറന്നുപറഞ്ഞ് നർത്തകനും സഹോദരനുമായ ആർഎൽവി രാമകൃഷ്ണൻ. താൻ നേരിട്ട പ്രശ്നങ്ങൾക്ക് പിന്തുണ അറിയിച്ച് സിനിമാമേഖലയിലെ ഒരു വ്യക്തി പോലും സമീപിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കലാഭവൻ മണി ജീവിച്ചിരുന്നുവെങ്കിൽ ഇത്തരത്തിലൊരു അവസ്ഥ ഉണ്ടാകുമായിരുന്നില്ലെന്നും രാമകൃഷ്ണൻ കൂട്ടിച്ചേർത്തു. ഒരു യൂട്യൂബ് ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ പങ്കുവച്ചത്.
എനിക്കുനേരെയൊരു പ്രശ്നമുണ്ടായപ്പോൾ സിനിമാമേഖലയിൽ പ്രവർത്തിക്കുന്ന പലയാളുകളും സോഷ്യൽ മീഡിയ വഴി പിന്തുണ അറിയിച്ചിരുന്നു. ആശാ ശരത് നേരിട്ട് വിളിച്ചിരുന്നു. മണിച്ചേട്ടൻ ഇപ്പോഴും ജീവനോടെയുണ്ടായിരുന്നെങ്കിൽ എല്ലാവരും ഉണ്ടാകുമായിരുന്നു. ഇന്ന് ആരുമില്ല. ചിലപ്പോൾ അവർക്കൊക്കെ തിരക്കായിരിക്കും. എന്റെ പ്രശ്നം ഞാൻ നോക്കുന്നില്ല. അദ്ദേഹം മരിച്ച് എട്ട് വർഷം കഴിഞ്ഞു. ഇതുവരെയായിട്ടും ഒരാളും ഞങ്ങൾക്ക് പിന്തുണയുമായി എത്തിയിട്ടില്ല. സംഗീത നാടക അക്കാദമിയിലെ ഒരു പ്രശ്നവുമായി ബന്ധപ്പെട്ട് ഞാൻ ആത്മഹത്യ ചെയ്യാൻ ശ്രമിച്ചു. ആ അവസ്ഥയിൽ കൂടെ നിൽക്കാൻ മണിച്ചേട്ടനോടൊപ്പം പ്രവർത്തിച്ച ഒരാൾ പോലും ഉണ്ടായിരുന്നില്ല.
ഒരുപാട് നിർമാതാക്കളെ ചേട്ടൻ സഹായിച്ചിട്ടുണ്ട്. അവരുടെ സിനിമകളിൽ അഭിനയിച്ചതിന് ഒരു പ്രതിഫലവും വാങ്ങിയിട്ടില്ല. ഒരു പരിപാടി പോലും സംഘടിപ്പിച്ചിട്ടില്ല. എന്നോടൊപ്പം നൃത്തം ചെയ്യാൻ ഒരു സിനിമാ നടിയുണ്ടെങ്കിൽ പരിപാടികൾ സംഘടിപ്പിക്കാമെന്നാണ് പലരും പറയുന്നത്. സിനിമയിലും അധികം ആരും അവസരങ്ങൾ തരുന്നില്ല. മണിച്ചേട്ടന്റെ അനിയനല്ലേ എന്തുകൊണ്ടാണ് വീണ്ടും സിനിമയിൽ സജീവമാകാത്തതെന്നാണ് പലരും ചോദിക്കുന്നത്. ഞാൻ ആരോടാണ് ഇതൊക്കെ പറയേണ്ടത്.
സിനിമയിലുളളവരെ ഞങ്ങളുടെ കുടുംബത്തിലുളളയാളുകളെ പോലെയാണ് കണ്ടിരുന്നത്. ചേട്ടൻ ജീവിച്ചിരുന്നപ്പോൾ അവരൊക്കെ അങ്ങനെയാണ് ഞങ്ങളോട് പെരുമാറിയത്. അവരൊക്കെ ഞങ്ങളുടെ വീട്ടിൽ വരുന്നു, ഭക്ഷണം കഴിക്കുന്നു, ഉറങ്ങുന്നു അങ്ങനെയായിരുന്നു. ചേട്ടൻ മരിച്ചതോടെ അതൊക്കെ നഷ്ടപ്പെട്ടു. ഇന്ന് ഞങ്ങളും അവസ്ഥ ഇങ്ങനെയായിട്ട് പോലും ആരുമില്ല. ചേട്ടന്റെ ചരമദിനത്തിൽ അവരിൽ ആരെയെങ്കിലും വിളിച്ചാൽ പോലും തിരക്കാണ്. ആരും വരില്ല. ഞങ്ങളെല്ലാവരും അത്രയും സ്‌നേഹത്തോടെയാണ് ജീവിച്ചത്. ചേട്ടൻ മരിച്ചപ്പോൾ ഞങ്ങളുടെ കുടുംബ ബന്ധങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന വാർത്തകളാണ് കൂടുതലും വന്നത്. അതിൽ ഇപ്പോഴും സങ്കടമാണ്. ചേട്ടൻ മരിച്ചപ്പോൾ ഒരുപാട് സിനിമാക്കാർ വന്നിട്ടുണ്ട്. ഇപ്പോഴും വരുന്നത് അദ്ദേഹത്തെ ഇഷ്ടപ്പെടുന്ന സാധാരണക്കാരാണ്’- രാമകൃഷ്ണൻ പറഞ്ഞു.