വാട്സാപ്പ് ഗ്രൂപ്പുകളിൽനിന്ന് ഇനി ആളുകൾക്കിന് ആരുമറിയാതെ പുറത്തുപോവാം. ഇതിനായുള്ള സൗകര്യമൊരുക്കാനുള്ള ശ്രമത്തിലാണ് കമ്പനി. ഇഷ്ടമില്ലാത്തതതും ശല്യമായതുമായ ഗ്രൂപ്പുകളിൽനിന്ന് മറ്റ് അംഗങ്ങൾ അറിയാതെ തന്നെ പുറത്തുപോവാൻ ഇതുവഴി സാധിക്കും.
ഫാമിലി ഗ്രൂപ്പുകളും റസിഡൻസ് ഗ്രൂപ്പുകളുമെല്ലാം ഇത്തരത്തിൽ പലയാളുകൾക്കും താൽപര്യമില്ലാത്തവയാണ്. മറ്റ് പലരുടേയും നിർബന്ധം മൂലം അംഗമാകേണ്ടി വന്ന ഗ്രൂപ്പുകൾ അവഗണിക്കാൻ പുതിയ സൗകര്യത്തിലൂടെ സാധിക്കും.
നിലവിൽ ഒരു ഗ്രൂപ്പിൽ പുതിയ അംഗത്തെ ചേർക്കുമ്പോഴും ആരെയെങ്കിലും പുറത്താക്കുമ്പോഴും ആരെങ്കിലും സ്വയം ഗ്രൂപ്പിൽനിന്ന് പുറത്ത് പോവുമ്പോഴുമെല്ലാം അക്കാര്യം ഒരു അറിയിപ്പായി മറ്റ് അംഗങ്ങളെ കാണിക്കുന്ന രീതി വാട്സാപ്പിലുണ്ട്. ഗ്രൂപ്പുകളിൽനിന്ന് പുറത്തുപോയാലുള്ള ആളുകളുടെ ചോദ്യം ചെയ്യലും അവഗണനയും ഭയന്ന് ആരും അതിന് ശ്രമിക്കാറില്ല.
വാട്സാപ്പ് പുതിയ സൗകര്യം ഒരുക്കുന്നതായി വാബീറ്റ ഇൻഫോ വെബ്സൈറ്റാണ് റിപ്പോർട്ട് ചെയ്തത്. ഇത് പ്രകാരം ഗ്രൂപ്പിൽനിന്ന് പുറത്തുപോയാൽ ഗ്രൂപ്പ് അഡ്മിന് മാത്രമേ കാണാൻ സാധിക്കുകയുള്ളൂ. മറ്റ് അംഗങ്ങളാരും ഇക്കാര്യം അറിയില്ല.
ഗ്രൂപ്പുകളിൽനിന്ന് നിശബ്ദമായി പുറത്തുപോവാൻ സാധിക്കുന്ന സൗകര്യം അവതരിപ്പിക്കുമെന്ന് ദിവസങ്ങൾക്ക് മുമ്പ് കമ്മ്യൂണിറ്റീസ് ഫീച്ചർ വിശദമാക്കുന്നതിനിടെ വാട്സാപ്പ് പ്രഖ്യാപിച്ചിരുന്നു. എന്നാൽ എന്ന് മുതൽ ഇത് ആളുകൾക്കെല്ലാം ലഭിക്കുമെന്ന് വ്യക്തമല്ല.
വാട്സാപ്പ് ഡെസ്ക് ടോപ്പ് ബീറ്റയിൽ നിന്നെടുത്ത സ്ക്രീൻഷോട്ടാണ് വാബീറ്റ ഇൻഫോ പങ്കുവെച്ചിരിക്കുന്നത്. എങ്കിലും ആൻഡ്രോയിഡിലും, ഐഓഎസിലുമുള്ള ഉപഭോക്താക്കൾക്കും ഈ സൗകര്യം ലഭിക്കാതിരിക്കില്ല.