
കാലടി∙ ടൗൺ ജംക്‌ഷനോടു ചേർന്ന് പഴയ ചന്ത പ്രവർത്തിച്ചിരുന്ന സ്ഥലം കാടുകയറി നശിക്കുന്നു. ഇവിടം മാലിന്യ കേന്ദ്രവും മലമൂത്ര വിസർജന സ്ഥലവും ആയി മാറിയിരിക്കുന്നു. മൂക്കു പൊത്താതെ ഇതിനകത്തേക്കു കടക്കാൻ സാധിക്കില്ല. ദുർഗന്ധം സമീപമുള്ള കടകളിലേക്കും പരക്കുന്നു. കൊതുകുകളുടെയും ഈച്ചകളുടെയും ആവാസ കേന്ദ്രം കൂടിയാണിത്. പേ ആൻഡ് പാർക്കിങ് എന്നും ഇവിടെ മാലിന്യം നിക്ഷേപിക്കരുതെന്നും പഞ്ചായത്ത് ഇവിടെ ബോർഡ് വച്ചിട്ടുണ്ട്. എന്നാൽ ആരും വാഹനം പാർക്ക് ചെയ്യുന്നില്ലെന്നു മാത്രമല്ല സ്ഥലം വെറുതേ കിടന്നു കാടുപിടിക്കുയാണ്.
പാർക്കിങ്ങിനു പറ്റിയ തരത്തിൽ സ്ഥലം വൃത്തിയാക്കിയിട്ടില്ല. മൈതാനത്തേക്കു കയറുന്ന വഴി ചെളി നിറഞ്ഞ് വൃത്തിഹീനമായി കിടക്കുകയാണ്. ഇവിടെ പ്രവർത്തിച്ചിരുന്ന ചന്ത ബസ് സ്റ്റാൻഡിനു സമീപം നിർമിച്ച പുതിയ കെട്ടിടത്തിലേക്കു മാറ്റിയിട്ട് 4 വർഷമായി. 2 വർഷം മുൻപാണ് പഴയ ചന്തയിലെ കെട്ടിടങ്ങൾ പൊളിച്ചു നീക്കിയത്. ഇവിടം പാർക്കിങ്ങിന് ഉപയോഗിക്കാനാണ് പഞ്ചായത്ത് തീരുമാനിച്ചിരിക്കുന്നത്. എംസി റോഡിനോടു ചേർന്നുള്ള സ്ഥലമാണിത്.
കാലടി പട്ടണത്തിൽ വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള അസൗകര്യത്തിന് പരിഹാരമായാണ് ഇവിടം വാഹന പാർക്കിങ്ങിന് ഉപയോഗിക്കാമെന്ന നിർദേശം വന്നത്. പേ ആൻഡ് പാർക്കിങ്ങിന് സ്ഥലം പല തവണ ലേലം ചെയ്തുവെങ്കിലും ആരും ലേലത്തിന് എടുക്കാൻ തയാറായില്ലെന്നു പഞ്ചായത്ത് പ്രസിഡന്റ് ഷൈജൻ തോട്ടപ്പിള്ളി അറിയിച്ചു . ഇപ്പോൾ സ്വകാര്യ വ്യക്തി ലേലം എടുത്തിട്ടുണ്ടെങ്കിലും അവിടെ പ്രവർത്തനങ്ങളൊന്നും ആരംഭിച്ചിട്ടില്ല.