തിരുവനന്തപുരം: കോൺഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ തന്റെ എതിരാളിയായ മല്ലികാർജ്ജുൻ ഖാർഗെയോട് വ്യക്തിപരമായി എതിർപ്പില്ലെന്ന് ശശി തരൂർ. പാർട്ടി തനിക്കൊന്നും സംഭാവനയായി നൽകിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. എല്ലാവരും വോട്ട് ചെയ്യുമെന്ന് കരുതുന്നില്ലെന്നും ഔദ്യോഗിക സ്ഥാനാർത്ഥിയില്ലെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസ് എക്സിക്യുട്ടീവ് എഡിറ്റർ സിന്ധു സൂര്യകുമാറിനോട് അഭിമുഖത്തിൽ മറുപടി പറഞ്ഞു.
വോട്ട് ചെയ്യുന്ന ആളുകളുടെ കണക്ക് 100 ശതമാനം കൃത്യമായി പറയാൻ കഴിയില്ലെന്ന് ശശി തരൂർ. 9200 ഓളം പേരാണ് വോട്ടർമാരായി ഉള്ളത്. ഓരോ പിസിസികളും നൽകുന്ന കണക്കാണിതെന്നും വലിയ വ്യത്യാസം കാണില്ലെന്നും അദ്ദേഹം പറഞ്ഞു.
വളരെ ദൂരം യാത്ര ചെയ്ത് വേണം പല വോട്ടർമാർക്കും പോളിങ് കേന്ദ്രത്തിലെത്താൻ. അതിനാൽ മുഴുവൻ വോട്ടും പോൾ ചെയ്യപ്പെടുമെന്ന് കരുതാനാവില്ല. ഓരോ വോട്ടർമാർക്കും ഒരു സീരിയൽ നമ്പർ ഉള്ള കാർഡുണ്ട്. അതിൽ ഫോട്ടോ പതിപ്പിച്ചിട്ടില്ല. ബാലറ്റ് പേപ്പർ നോക്കിയാൽ ആരുടെ വോട്ടാണെന്ന് കണ്ടെത്താനാവില്ല. വോട്ടിന്റെ രഹസ്യാത്മകത ഉറപ്പാക്കിയിട്ടുണ്ട്.
പാർട്ടിയിൽ മാറ്റം വരുത്തണമെന്ന് ആഗ്രഹിക്കുന്നവർ പാർട്ടിക്കകത്തുണ്ട്. പിസിസികൾ പരസ്യ പിന്തുണ അറിയിക്കുന്നുണ്ട്. ഖാർഗെയ്ക്ക് വോട്ട് ചെയ്യാൻ ചില പിസിസികൾ ആവശ്യപ്പെടുന്നത് കോൺഗ്രസ് നേതൃത്വത്തെ അറിയിച്ചു. ഇക്കാര്യം മധുസൂദൻ മിസ്ത്രിയെ അറിയിച്ചു.
പാർട്ടിക്കകത്ത് മാറ്റം വരുമെന്ന് ജനത്തിന് തോന്നിയാലേ പാർട്ടി ശക്തിപ്പെടൂ. നാളെയെക്കുറിച്ച് ചിന്തിച്ചേ പറ്റൂ. 135 വർഷത്തെ ചരിത്രമുള്ള പാർട്ടിയാണ്. എന്നാൽ ജനം പാർട്ടിയിലേക്ക് വരണം എന്നുണ്ടെങ്കിൽ പാർട്ടിയിൽ മാറ്റം വന്നാലേ പറ്റൂ.
താൻ ജനിച്ചത് ഇടത്തരം കുടുംബത്തിലാണ്. എലീറ്റ് ക്ലാസിലല്ല. അച്ഛൻ എട്ട് മക്കളിലൊരാളാണ്. അദ്ദേഹത്തിന്റെ മൂത്ത ജേഷ്ഠൻ ബോംബെയിൽ പോയി ജോലി ചെയ്താണ് അച്ഛനെ പഠിപ്പിച്ചത്. എന്നിട്ടാണ് അച്ഛൻ ഇംഗ്ലണ്ടിൽ പോയത്. ഞാൻ പഠിച്ച് പരീക്ഷയെഴുതി പാസായി. സ്കോളർഷിപ്പോടെയാണ് അമേരിക്കയിൽ പോയത്. കഠിനാധ്വാനത്തിലൂടെയാണ് ഞാനീ നേട്ടങ്ങൾ നേടിയത്. നമ്മുടെ സ്ഥിതിയെ നന്നാക്കാനാവുക പഠിപ്പും കഠിനാധ്വാനവും കൊണ്ട് മാത്രമായിരിക്കും. യുഎന്നിൽ തനിക്ക് ജോലി തന്നത് അച്ഛനും മുത്തച്ഛനുമല്ല. എന്റെ പേര് കണ്ടാണ് കോൺഗ്രസ് പാർട്ടി സ്ഥാനം തന്നതെന്നും തരൂർ പറഞ്ഞു.
തിരുവനന്തപുരത്ത് താൻ ജയിച്ചത് ഗ്രാമപ്രദേശങ്ങളിൽ നിന്ന് വോട്ട് നേടിയാണ്. ഖാർഗെയെ താൻ ബഹുമാനിക്കുന്നു. അദ്ദേഹവുമായി അടുത്ത ബന്ധമാണ്. വ്യക്തിപരമായി അദ്ദേഹത്തിനെതിരെ ഒന്നുമില്ല. എന്നാൽ പാർട്ടിയുടെ വളർച്ചയിൽ അദ്ദേഹത്തിന്റെ സ്ഥാനാർത്ഥിത്വത്തിന്റെ ആവശ്യമെന്താണ്. ഇപ്പോൾ തന്നെ അദ്ദേഹം പാർട്ടിയുടെ ഏറ്റവും പ്രധാനപ്പെട്ട നേതാവാണ്. അദ്ദേഹത്തിന് പാർട്ടിയിൽ ഇനി എന്ത് മാറ്റമാണ് കൊണ്ടുവരാൻ കഴിയുക. താൻ ജനത്തിന്റെ അസ്വസ്ഥത മനസിലാക്കിയാണ് സ്ഥാനാർത്ഥിത്വവുമായി മുന്നോട്ട് പോകുന്നത്.
ഗാന്ധി കുടുംബം നിഷ്പക്ഷമായിരിക്കുമെന്ന് ഉറപ്പ് നൽകിയിരുന്നെന്ന് ശശി തരൂർ പറഞ്ഞു. അവരെനിക്ക് കണ്ണിൽ നോക്കി ഔദ്യോഗിക സ്ഥാനാർത്ഥിയില്ലെന്ന് വാക്ക് നൽകിയതാണ്. അതിനെ അവിശ്വസിക്കേണ്ട ആവശ്യമില്ല. ഈ മത്സരം വന്ന ശേഷം പത്ത് വർഷക്കാലമായി പാർട്ടിക്ക് കിട്ടാത്ത ശ്രദ്ധ ഇപ്പോൾ കിട്ടുന്നുണ്ടെന്നും തരൂർ പറഞ്ഞു. പാർട്ടിയുടെ ഭാവിക്ക് വേണ്ടിയാണ് വോട്ട്. മാറ്റം വേണമെന്ന് തോന്നുന്നെങ്കിൽ അത് ചെയ്യൂ.