ഹയർ സെക്കൻഡറി വിദ്യാർഥികൾക്ക് പുനർമൂല്യ നിർണയത്തിനും ഉത്തരക്കടലാസുകളുടെ പകർപ്പിനും സൂക്ഷ്മ പരിശോധനയ്ക്കും ഇന്നു മുതൽ അപേക്ഷിക്കാം.
ഇരട്ട മൂല്യനിർണയം നടന്ന ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങൾക്ക് പുനർമൂല്യ നിർണയവും സൂക്ഷ്മ പരിശോധനയും ഉണ്ടാകില്ല. അവർക്ക് ഉത്തരക്കടലാസിന്റെ പകർപ്പിന് അപേക്ഷിക്കാം. അപേക്ഷകൾ അവരവർ രജിസ്റ്റർ ചെയ്ത കേന്ദ്രങ്ങളിലാണ് നൽകേണ്ടത്. അപേക്ഷാ ഫോറത്തിന്റെ മാതൃക സ്കൂളുകളിലും ഹയർസെക്കൻഡറി വെബ്സൈറ്റിലും ലഭിക്കും.
പുനർമൂല്യനിർണയത്തിന് 500 രൂപയും ഉത്തരക്കടലാസുകളുടെ പകർപ്പിന് 300 രൂപയും സൂക്ഷ്മ പരിശോധനയ്ക്ക് 100 രൂപയുമാണ് പേപ്പർ ഒന്നിന് ഫീസ്.
സ്കോറും ഗ്രേഡും രേഖപ്പെടുത്തിയ സർട്ടിഫിക്കറ്റിന്റെ വിതരണം ജൂലായിൽ പൂർത്തിയാക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. യോഗ്യത നേടാനാവാത്ത വിഷയങ്ങൾക്ക് സേ പരീക്ഷയ്ക്ക് അപേക്ഷിക്കാം. ഇതിനുള്ള വിജ്ഞാപനം ഉടൻ പ്രസിദ്ധീകരിക്കും.
വൊക്കേഷണൽ ഹയർസെക്കൻഡറി ഉത്തരക്കടലാസുകളുടെ പുനർമൂല്യ നിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും www.vhsems.kerala.gov.in വഴി 27 ന് വൈകുന്നേരം നാലിനകം അപേക്ഷിക്കാം. ഒന്നിലധികം വിഷയങ്ങളുണ്ടെങ്കിലും ഒരു അപേക്ഷാഫോറം മതി. ഇന്റർനെറ്റിൽനിന്ന് ലഭിക്കുന്ന മാർക്ക് ലിസ്റ്റിന്റെ പകർപ്പ് അപേക്ഷയ്ക്കൊപ്പം നൽകണം. ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നിവയ്ക്ക് സൂക്ഷ്മപരിശോധനയും പുനർമൂല്യ നിർണയവും ഉണ്ടാവില്ല. പുനർമൂല്യ നിർണയത്തിന് പേപ്പർ ഒന്നിന് 500 രൂപയും സൂക്ഷ്മപരിശോധനയ്ക്ക് 100 രൂപയുമാണ് ഫീസ്. ഫലം ജൂലായിൽ പ്രസിദ്ധീകരിക്കും. സേ പരീക്ഷയുടെ വിശദാംശങ്ങൾ പിന്നീട് പ്രസിദ്ധപ്പെടുത്തും.