നേപ്പാളില്‍ നിന്നെത്തി ഇന്ത്യന്‍ സിനിമയില്‍ തന്റേതായ ഇടം കണ്ടെത്തിയ നടിയാണ് മനീഷ കൊയ്‌രാള. മണിരത്‌നം സംവിധാനം ചെയ്ത ദില്‍സേ എന്ന ഒറ്റ ചിത്രം മതി താരത്തെ എക്കാലവും സിനിമാരാധകർക്ക് ആരാധിക്കാൻ. ഇപ്പോഴിതാ താൻ അനുഭവിക്കുന്ന അകാരണമായ തലവേദനയേ കുറിച്ചും ഇതിനു പിന്നിലെ
കാരണം കണ്ടെത്താൻ കഴിയാത്ത അവസ്ഥയെ കുറിച്ചും തുറന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് താരം.ഈ പ്രശ്‌നത്തെ പ്രതിരോധിക്കാൻ സ്വയം കണ്ടെത്തിയ ചില മാർഗങ്ങളും മനീഷ പങ്കുവയ്‌ക്കുന്നുണ്ട്.
സുഹൃത്തുക്കളെ, വ്യക്തിപരമായ ചില കാര്യങ്ങളാണ് ഞാനിന്ന് നിങ്ങളുമായി പങ്കുവയ്‌ക്കുന്നത്. ഒരു പക്ഷേ നിങ്ങളിൽ ചിലർക്കെങ്കിലും ഈ അവസ്ഥ ഉണ്ടായിട്ടുണ്ടാകാം. മാസത്തിലൊരിക്കൽ അങ്ങേയറ്റം ബുദ്ധിമുട്ടിക്കുന്ന രീതിയിൽ എനിക്ക് തലവേദന വരികയാണ്. ഇതിന് കാരണം എന്താണെന്ന് കണ്ടെത്തിയിട്ടില്ല. ഒരു നിഗൂഢതയായി തുടരുകയാണ്.ഒരുപക്ഷേ ഉറക്കക്കുറവ്, നിർജ്ജലീകരണം, ഭക്ഷണത്തിലെ പ്രശ്‌നം, സ്‌ട്രെസ് ഇവയിൽ ഏതെങ്കിലുമാണോ കാരണം? അല്ലെങ്കിൽ ഇതെല്ലാം കാരണമാണോ?
ഈ പ്രശ്‌നം അലട്ടുമ്പോൾ താൻ ചെയ്യുന്ന ചില കാര്യങ്ങളും അവർ പറയുന്നുണ്ട്. ” ഇതിന് ഞാൻ കണ്ടെത്തുന്ന പരിഹാരം ഇതാണ്. ഒന്നോ രണ്ടോ ദിവസം അടച്ചുപൂട്ടി ഇരിക്കുക. നല്ല പാട്ടുകളോ ഓഡിയോ ബുക്കുകളോ കേൾക്കുക. ലളിതമായ ഭക്ഷണം, ധാരാളം വെള്ളം കുടിക്കുക, മരുന്ന് കഴിക്കുക ഇതൊക്കെയാണ് മാർഗങ്ങൾ. നിങ്ങളിൽ ആർക്കെങ്കിലും ഈ പ്രശ്‌നങ്ങളുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ അതിനെ എങ്ങനെയാണ് പ്രതിരോധിക്കുന്നത്? നിങ്ങൾ ആ സമയത്ത് എന്തൊക്കെ ചെയ്യുമെന്ന് പറയൂ. എന്നെപ്പോലെ അത് മറ്റ് പലർക്കും ആശ്വാസമാകുമെന്നും” മനീഷ പറയുന്നു.
ക്യാൻസർ പിടിപെട്ടതിനെ കുറിച്ചും ആ സമയത്ത് നേരിട്ട പ്രശ്‌നങ്ങളെ കുറിച്ചും ഒക്ടോബറിൽ മനീഷ തുറന്ന് പറഞ്ഞിരുന്നു. 2012ലാണ് മനീഷയ്‌ക്ക് അണ്ഡാശയ ക്യാൻസർ സ്ഥിരീകരിക്കുന്നത്. ക്യാൻസർ രോഗത്തിന്റെ ലക്ഷണങ്ങളും അവ തിരിച്ചറിഞ്ഞ് കൃത്യമായ ചികിത്സ തേടേണ്ടതിന്റെ ആവശ്യകത ഉൾപ്പെടെ അവർ തുറന്ന് പറഞ്ഞിട്ടുണ്ട്. ന്യൂയോർക്കിൽ നടത്തിയ ചികിത്സയ്‌ക്ക് ശേഷം 2014ലാണ് അവർ രോഗമുക്തി നേടിയത്.