Spread the love

പത്തനംതിട്ട∙ മകരവിളക്കിനോട് അനുബന്ധിച്ച് ശബരമലയിൽ തീർഥാടകർക്ക് കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തി. ഈ മാസം 10 മുതൽ സ്പോട്ട് ബുക്കിങ് അനുവദിക്കില്ല. മകരവിളക്കിന് 40,000 പേർക്കു മാത്രമാകും വെർച്വൽ ക്യൂ വഴി ബുക്കിങ് ഉണ്ടാവുക. പൊലീസിന്റെ നിർദേശം കൂടി പരിഗണിച്ചാണ് ദേവസ്വം ബോർഡിന്റെ തീരുമാനം. ശബരിമലയിൽ തീർഥാടകരുടെ തിരക്ക് ക്രമാതീതമായി വർധിക്കുന്ന സാഹചര്യത്തിലാണ് ജനുവരി 10 മുതലുള്ള സ്പോട്ട് ബുക്കിങ് ഒഴിവാക്കിയതെന്നാണ് അറിയാൻ കഴിഞ്ഞത്.

ഈ മാസം 14ന് വെർച്വൽ ക്യൂ വഴിയുള്ള ബുക്കിങ് 50,000 ആയി ചുരുക്കി. മകരവിളക്ക് ദിവസമായ 15ന് ബുക്കിങ് 40,000 ആയും ചുരുക്കും. പത്താം തീയതി മലകയറി എത്തുന്ന ഭക്തർ മകരവിളക്കു ദിവസം വരെ ശബരിമലയിൽ തുടരാൻ സാധ്യതയുണ്ട്. ഇതു കൂടി കണക്കാക്കി തിരക്കു നിയന്ത്രിക്കാനാണ് ദേവസ്വം ബോർഡിന്റെ തീരുമാനം. 14,15 ദിവസങ്ങളിൽ കുട്ടികളോടും പ്രായമായവോരോടും പരമാവധി ദർശനം ഒഴിവാക്കാൻ ദേവസ്വം ബോർഡ് അറിയിച്ചിട്ടുണ്ട്. ഈ മാസം 16 മുതൽ 20 വരെ കുടുതൽ സുഗമമായി ദർശനം നടത്താൻ സാഹചര്യം ഒരുക്കിയിട്ടുണ്ട്. ഇത് ഭക്തർ പ്രയോജനപ്പെടുത്തണമെന്നും ദേവസ്വ ബോർഡ് അറിയിച്ചു.

Leave a Reply