മലയാളത്തിന്റെ അനുഗ്രഹീത നടൻ പ്രേംനസീറിനെ കുറിച്ച് ഒരു ചാനൽ പരിപാടിയിൽ നടൻ ടിനി ടോം നടത്തിയ പരാമർശം വൻ വൈറലും വിമർശനങ്ങൾക്കും കാരണമായിരുന്നു. പ്രേം നസീർ ‘എല്ലാ ദിവസവും കാലത്ത് മേക്കപ്പിട്ട് ഇറങ്ങും. സിനിമയില്ല. ബഹദൂർക്കയുടെയും അടൂർ ഭാസി സാറുടെയും വീട്ടിൽ പോയിരുന്ന് കരയും. കരഞ്ഞ് കരഞ്ഞ് അങ്ങനെ മനസ് വിഷമിച്ചാണ് മരിച്ചതെ’ന്നായിരുന്നു ടിനിടോം പറഞ്ഞത്. താരത്തിന്റെ പരാമർശം വൈറലായതോടെ സിനിമ രംഗത്തുള്ളവരടക്കം നിരവധി പേർ വൻ വിമർശനവുമായി രംഗത്തെത്തിയിരുന്നു.
പ്രേംനസീർ എന്ന അതുല്യ പ്രതിഭയെ കുറിച്ച് ഒന്നും അറിയാത്തതുകൊണ്ടാണ് ടിനി ടോം ഇങ്ങനെ സംസാരിച്ചതെന്നും താരം മുൻപും ചീപ്പ് പബ്ലിസിറ്റിക്ക് വേണ്ടി പല വിഷയങ്ങൾ പറഞ്ഞിട്ടുണ്ടെന്നും ഇനിയെങ്കിലും അമ്മ താരസംഘടന നടനെ നിയന്ത്രിക്കണമെന്നും ആയിരുന്നു പ്രേംനസീറിന്റെ ബന്ധുവും സംവിധായകനും ആയ നിഷാദ് കോയ കുറിച്ചത്. ഡബ്ബിങ് ആർട്ടിസ്റ് ഭാഗ്യ ലക്ഷ്മിയും വിഷയത്തിൽ പ്രതികരിച്ച് രംഗത്ത് എത്തിയിരുന്നു. ടിനി ടോമിന്റെ പരാമർശം പ്രേംനസീറിനെ നേരിട്ട് അറിയുന്നവർക്കും ഇടപഴകിയവർക്കും വലിയ വേദനയാണ് ഉണ്ടാക്കുന്നതെന്നും ഇത്തരം പരാമർശങ്ങൾ അദ്ദേഹത്തെ സ്നേഹിക്കുന്നവരെയും കുടുംബത്തെയും എങ്ങനെ ബാധിക്കും എന്ന് നടൻ ചിന്തിക്കണം എന്നുമായിരുന്നു ഭാഗ്യലക്ഷ്മി പ്രതികരിച്ചത്.
എന്തായാലും വിഷയത്തിൽ വിമർശനങ്ങൾ വ്യാപകമായതോടെ നിരുപാധികം മാപ്പുപറഞ്ഞ് ടിനിടോം തന്നെ രംഗത്തെത്തിയിരുന്നു. ഇക്കാര്യം തന്നോട് പറഞ്ഞത് നടനും നിര്‍മാതാവുമായ മണിയന്‍പിള്ള രാജു ആണെന്ന് ടിനി പറഞ്ഞതായും വിവരങ്ങള്‍ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെ പ്രതികരണവുമായി എത്തിയിരിക്കുകയാണ് മണിയന്‍പിള്ള രാജു. സംവിധായകൻ ആലപ്പി അഷ്റഫുമായിട്ടുള്ള ഫോൺ സംഭാഷണത്തിലാണ് മണിയൻപിള്ള രാജു ഇക്കാര്യം വ്യക്തമാക്കിയത്
താരത്തിന്റെ വാക്കുകൾ
ഒരിക്കലും ഇല്ല. ഒരിക്കലും ഞാന്‍ അങ്ങനെ പറഞ്ഞിട്ടില്ല. ഇവനൊന്നും നസീര്‍ സാറിനെ കണ്ടിട്ട് പോലുമില്ല. ഞാന്‍ അദ്ദേഹത്തോടൊപ്പം പത്തോ പതിനഞ്ചോ പടങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ഇത്രയും ദൈവ തുല്യനായൊരു മനുഷ്യനെ അതിന് മുന്‍പോ ശേഷമോ ഞാന്‍ കണ്ടിട്ടില്ലെന്ന് പല അഭിമുഖങ്ങളിലും ഞാന്‍ പറഞ്ഞിട്ടുണ്ട്. മുന്‍പും മണ്ടത്തരങ്ങള്‍ പറഞ്ഞ് ടിനി ടോം വിവാദങ്ങളില്‍ അകപ്പെട്ടിട്ടുണ്ട്.
എന്തിന് ഇത്രയും മഹാനായൊരു മനുഷ്യനെ കുറിച്ച് ഇത്തരം പരാമര്‍ശം നടത്തുന്നത്. ഇവന് ഭ്രാന്താണ്. ഏറ്റവും കൂടുതല്‍ സിനിമകള്‍ അഭിനയിക്കുകയും നായകനാകുകയും ഒക്കെ ചെയ്ത ആളാണ് നസീര്‍ സാര്‍. അദ്ദേഹത്തെ ആരാധിക്കുന്ന ജനങ്ങളുണ്ട് ഇവിടെ. അവരെല്ലാം ടിനിയെ കല്ലെറിയും. ടിനി മാപ്പ് പറയണം. ആരൊക്കെയോ കേസ് കൊടുത്തെത്ത് അറിയുന്നുണ്ട്







