നോർവീജിയൻ പങ്കാളിത്തത്തോടെ, പ്രവർത്തനക്ഷമമായ ആശയങ്ങൾക്ക് രൂപം നൽകിക്കൊണ്ട് കേരളത്തിലെ മത്സ്യബന്ധന മേഖലയുടെ സമഗ്ര വികസനത്തിനായി തയ്യാറാക്കിയ കർമ്മ പദ്ധതിക്കാണ് സംസ്ഥാന സർക്കാർ തുടക്കം കുറിക്കുകയാണെന്ന് ഫിഷറീസ്, കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്‌മാൻ പറഞ്ഞു. മുഖ്യമന്ത്രിയുടെ വിദേശ സന്ദർശനത്തിന്റെ തുടർച്ചയായി നോർവെയുടെ സഹകരണത്തോടെ മൽസ്യബന്ധന മേഖലയിൽ നടപ്പാക്കാവുന്ന വിവിധ കർമ്മ പരിപാടികളുടെ രൂപീകരണ ചർച്ചയിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. കേരളത്തിന് നോർവേയുമായി കഴിഞ്ഞ ഏഴ് പതിറ്റാണ്ടുകളായുള്ള ബന്ധമുണ്ട്, കൂടാതെ 1950 കളിൽ നമ്മുടെ സംസ്ഥാനത്തിന്റെ മത്സ്യബന്ധന മേഖല വികസിപ്പിക്കുന്നതിനായി നോർവെയുമായി സഹകരിച്ചിട്ടുണ്ട്.
ഫിഷറീസ്, അക്വാകൾച്ചർ മേഖലകളിലെ നൂതന സാങ്കേതിക വിദ്യകൾ നോർവീജിയൻ സ്ഥാപനങ്ങളിൽ നിന്ന് പഠിക്കുക എന്നതാണ് ചർച്ചയിൽ പങ്കെടുക്കുന്ന കേരള പ്രതിനിധി സംഘത്തിന്റെ പ്രധാന ദൗത്യം. നോർവെയുടെ നൂതന സാങ്കേതിക വിദ്യകളും അടിസ്ഥാന ഘടനയും കൃത്യതയും അതിശയിപ്പിക്കുന്നതാണ്. നയതന്ത്രജ്ഞർ, ഭരണാധികാരികൾ, ആസൂത്രകർ, വികസന ഉദ്യോഗസ്ഥർ എന്നിവർക്കൊപ്പം ശാസ്ത്ര സമൂഹത്തെയും കർമ്മ പരിപാടി രൂപീകരിക്കുന്നത്തിനുള്ള സംഘത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
കേരളവും നോർവേയും തമ്മിലുള്ള സഹകരണത്തിന്റെ ആദ്യ ഘട്ടത്തിൽ, മത്സ്യബന്ധന, മത്സ്യകൃഷിയുമായി ബന്ധപ്പെട്ട പദ്ധതികൾ ആവിഷ്‌കരിക്കും. ഇതിലൂടെ യുവ മത്സ്യത്തൊഴിലാളി സമൂഹത്തിനും അനുബന്ധ മേഖലകൾക്കും പ്രയോജനം ലഭിക്കും. കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആന്റ് ഓഷ്യൻ സ്റ്റഡീസും നോർവീജിയൻ യൂണിവേഴ്സിറ്റികളും തമ്മിലുള്ള സഹകരണ ഗവേഷണവും മറ്റു പരിപാടികളും പ്രോത്സാഹിപ്പിക്കുന്നതിനായി ഒരു കോർപ്പസ് ഫണ്ട് സൃഷ്ടിക്കാൻ പദ്ധതിയുണ്ട്. ഈ മേഖലയിലെ യൂണിവേഴ്‌സിറ്റികൾ ഉൾപ്പെടെയുള്ള നോർവീജിയൻ സ്ഥാപനങ്ങൾ വിദ്യാർത്ഥികളെ പിന്തുണയ്ക്കുന്നതിനായി അത്തരമൊരു ഫണ്ട് രൂപീകരിക്കാൻ സർക്കാരിനോട് അഭ്യർത്ഥിച്ചിട്ടുണ്ട്.
കേരളത്തിന്റെ മത്സ്യബന്ധന മേഖല കൂടുതൽ മെച്ചപ്പെടുത്തുന്നതിനുള്ള ഒരു റോഡ് മാപ്പ് തയ്യാറാക്കുന്നതിനായി ഡോ. എറിക് ഉൾപ്പെടെയുള്ള ആഗോള വിദഗ്ധരെയും സംഘത്തിൽ ഉൾപ്പെടുത്തി ഒരു ശിൽപശാല കുഫോസ് സംഘടിപ്പിക്കും. സീ ഫുഡ് ഇന്നൊവേഷൻ ക്ലസ്റ്റർ പോലെയുള്ള ആശയവും കേരളത്തിൽ ഉടൻ യാഥാർത്ഥ്യമാകണം. വ്യവസായം, വിനോദസഞ്ചാരം, കൃഷി തുടങ്ങിയ മറ്റ് വകുപ്പുകളുമായി കൈകോർത്ത് മത്സ്യബന്ധന മേഖലയ്ക്ക് വളരാനുള്ള കർമ്മ പദ്ധതികൾ രൂപീകരിക്കാൻ നോർവേ സംഘവും കേരളത്തിന്റെ പ്രതിനിധി സംഘവുമായുള്ള ചർച്ചക്ക് സാധിക്കട്ടെയെന്ന് മന്ത്രി പറഞ്ഞു.
തിരുവനന്തപുരം മാസ്‌കോട്ട് ഹോട്ടലിൽ നടന്ന പരിപാടിയിൽ നോർവേയിലെ നാൻസൻ സെന്റർ ഡയറക്ടർ ടോർ ഫ്യൂറെവിക്, റിസർച്ച് കോർഡിനേറ്റർ ഡോ. ലാസ് പെറ്റേഴ്സൺ. നോർഡ് യൂണിവേഴ്സിറ്റിപ്രതിനിധികളായ പ്രൊഫ. മെറ്റെ, പ്രൊഫ. കിറോൺ, ഡോ. മുറാത്ത്, എൻ ടി എൻ യു പ്രതിനിധി ഡോ. മാത്യു, പ്രിൻസിപ്പൽ സെക്രട്ടറി കെ.എസ്. ശ്രീനിവാസ്, കുഫോസ് വൈസ് ചാൻസലർ ഡോ. കെ. റിജി ജോൺ, ഓഫീസർ ഓൺ സ്‌പെഷ്യൽ ഡ്യൂട്ടി വേണു രാജാമണി, ഫിഷറീസ് ഡയറക്ടർ ഡോ. അദീല അബ്ദുള്ള, മത്സ്യത്തൊഴിലാളി സംഘടനകളുടെ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.