Spread the love

കൊൽക്കത്ത ∙ ഒറ്റയ്ക്കു മത്സരിക്കുമെന്നു പ്രഖ്യാപിച്ചതിനു പിന്നാലെ അനുനയത്തിനു ശ്രമിക്കുന്ന കോൺഗ്രസിനെയും അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയെയും രൂക്ഷമായി വിമർശിച്ച് ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ മമത ബാനർജി. സിപിഎമ്മുമായുള്ള കോൺഗ്രസിന്റെ സഖ്യം ബിജെപിയെ ശക്തിപ്പെടുത്തുമെന്നു മമത അറിയിച്ചു. ഇതോടെ ബംഗാളിൽ പ്രതിപക്ഷ ഇന്ത്യ മുന്നണിയുടെ സാധ്യതകൾക്കു മങ്ങലേറ്റു.

‘‘ബംഗാൾ നിയമസഭയിൽ കോൺഗ്രസിന് ഒരു എംഎൽഎ പോലുമില്ല. എന്നിട്ടും അവർക്കു രണ്ടു ലോക്സഭാ സീറ്റ് ഞാൻ വാഗ്ദാനം ചെയ്തു. പക്ഷേ അവർക്കു കൂടുതൽ വേണമായിരുന്നു. നിങ്ങളുമായി ഒറ്റ സീറ്റുപോലും പങ്കിടാനില്ലെന്നു അറിയിച്ചു. സിപിഎം ആണ് അവരുടെ നേതാവ്. സിപിഎമ്മിന്റെ പീഡനങ്ങൾ അവർ മറന്നോ? ഞാനൊരിക്കലും സിപിഎമ്മിനോടു പൊറുക്കില്ല. സിപിഎമ്മിനെ പിന്തുണയ്ക്കുന്നവരോടും അതേ സമീപനമാണ്. അവരെ പിന്തുണയ്ക്കുന്നതു ഫലത്തിൽ ബിജെപിയെ പിന്തുണയ്ക്കുന്നതു പോലെയാണ്. കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ അതു കണ്ടിരുന്നു’’– മമത അറിയിച്ചു.

തൃണമൂലിനു മാത്രമെ സംസ്ഥാനത്തു ബിജെപിക്കെതിരെ പോരാടാനുള്ള ശേഷിയുള്ളൂവെന്നും മമത പറഞ്ഞു. ലോക്സഭാ തിരഞ്ഞെടുപ്പിൽ ബംഗാളിൽ കോൺഗ്രസുമായി ധാരണയ്ക്കുള്ള സാധ്യത കഴിഞ്ഞദിവസമാണു മമത തള്ളിയത്. സീറ്റ് പങ്കിടൽ സംബന്ധിച്ച തൃണമൂലിന്റെ നിർദേശം കോൺഗ്രസ് തള്ളിയതായും 42 മണ്ഡലങ്ങളിലും പാർട്ടി ഒറ്റയ്ക്കു മത്സരിക്കുമെന്നും മമത പറഞ്ഞു. തൃണമൂലുമായി ചർച്ച തുടരുകയാണെന്നും മമതയുമായി നല്ല ബന്ധമാണുള്ളതെന്നും കഴിഞ്ഞ ദിവസം കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പറഞ്ഞിരുന്നു.

ബംഗാളിലെ 42 ലോക്സഭാ മണ്ഡലങ്ങളിൽ 2 സീറ്റാണു കോൺഗ്രസിനു തൃണമൂൽ വാഗ്ദാനം ചെയ്തിരുന്നത്. നിലവിൽ സംസ്ഥാനത്തു കോൺഗ്രസിന് 2 എംപിമാരുണ്ട്. ചുരുങ്ങിയത് 6 സീറ്റുകൾ വേണമെന്നാണു കോൺഗ്രസ് ബംഗാൾ ഘടകത്തിന്റെ ആവശ്യം. പ്രതിപക്ഷ നിരയിലെ കരുത്തുറ്റ നേതാക്കളിലൊരാളായ മമത ഇടയുന്നത് ഇന്ത്യ മുന്നണിയെ ദോഷകരമായി ബാധിക്കുമെന്നതിനാൽ പ്രശ്നം വേഗം പരിഹരിക്കാനുള്ള ശ്രമത്തിലാണു കോൺഗ്രസ്. പിസിസി പ്രസിഡന്റ് അധീർ രഞ്ജൻ ചൗധരിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് സംസ്ഥാന ഘടകം തൃണമൂലുമായി സഹകരിക്കുന്നതിന് വിയോജിപ്പാണ്.

Leave a Reply