
ബെംഗളൂരു : ദിവസങ്ങൾക്കു മുൻപ് 10 ലക്ഷം രൂപ മുടക്കി സ്ഥാപിച്ച ബസ് ഷെൽറ്റർ, പൊടി പോലും ഇല്ല കണ്ടുപിടിക്കാൻ എന്ന വിധത്തിൽ കള്ളൻ കൊണ്ടു പോയതിന്റെ അങ്കലാപ്പിലാണ് ബെംഗളൂരു പൊലീസ്.
സിറ്റി പൊലീസ് കമ്മിഷണറുടെ ഓഫിസിൽ നിന്ന് ഒരു കിലോമീറ്റർ മാത്രം അകലെയുള്ള കണ്ണിങ്ഹാം റോഡിലെ ബിഎംടിസി ബസ് ഷെൽറ്ററാണ് മോഷ്ടിച്ചത്.
നഗര വ്യാപകമായി ബസ് ഷെൽട്ടറുകൾ നിർമിക്കാനുള്ള ബിബിഎംപി പദ്ധതിയുടെ ഭാഗമായി കരാർ ഏറ്റെടുത്ത സ്വകാര്യ കമ്പനിയാണ് സ്റ്റെയിൻലെസ് സ്റ്റീൽ കൊണ്ടു നിർമിച്ച ഷെൽറ്റർ കഴിഞ്ഞ മാസം 21ന് ഇവിടെ സ്ഥാപിച്ചത്.
ഒരാഴ്ചയ്ക്കു ശേഷം ഷെൽറ്റർ പരിശോധിക്കാനെത്തിയ കമ്പനി അധികൃതരാണ് ഇതു മോഷ്ടിക്കപ്പെട്ടതായി കണ്ടെത്തിയത്.
തുടർന്ന് പൊലീസിനെ സമീപിക്കുകയായിരുന്നു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് മോഷ്ടാക്കളെ കണ്ടെത്താൻ ശ്രമം തുടരുന്നതായി പൊലീസ് അറിയിച്ചു. നേരത്തേ ബാനസവാഡി, ലിംഗരാജപുരം, യെലഹങ്ക എന്നിവിടങ്ങളിലും ബസ് ഷെൽറ്ററുകൾ കവർച്ച ചെയ്ത സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.