Spread the love

കഴിഞ്ഞ കുറച്ചു കാലമായി സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നൊരു പേരുണ്ട് മാധവ് സുരേഷ്. നടൻ സുരേഷ് ​ഗോപിയുടെ ഇളയ മകനാണ് മാധവ്. തന്റെ ആദ്യ അഭിനയ അരങ്ങേറ്റ ചിത്രമായ കുമ്മാട്ടിക്കളിയുടെ പ്രൊമോഷൻ അഭിമുഖങ്ങളിലൂടെയായിരുന്നു മാധവ് ആദ്യം വൈറൽ വീഡിയോകളിൽ പ്രത്യക്ഷപ്പെട്ടു തുടങ്ങിയത്. പിന്നാലെ താരത്തിന്റെ പല പ്രതികരണങ്ങളും അഭിപ്രായങ്ങളും ചർച്ചാ വിഷയമാകാനും തുടങ്ങി. പലപ്പോഴും മാധവിന്റെ പ്രതികരണങ്ങൾ വിമർശനങ്ങൾക്കിടയാക്കുകയോ ട്രോൾ പേജുകളിൽ ഇടംപിടിക്കുകയോ ആണ് പതിവ്.

തന്റെ സോഷ്യൽ മീഡിയ പേജുകളിൽ വരുന്ന വിമർശങ്ങൾക്കെല്ലാം ചുട്ട മറുപടി കൊടുക്കുന്ന ആളാണ് മാധവ്. ഇതും താരത്തിനെതിരെ ഒരുകൂട്ടം വിമർശകർ ഉണ്ടാകുന്നതിന് കാരണമായി. എല്ലാത്തിലും കൃത്യമായ നിലപാടും വിലയിരുത്തലും ഉള്ള പക്വതയാർന്ന സംസാരമെന്നൊക്കെ തുടക്കത്തിൽ നടൻ പൃഥ്‌വി രാജുമായി താരതമ്യപ്പെടുത്തി പറഞ്ഞിരുന്ന മലയാളികൾ ഇപ്പോൾ ട്രോളും മീമുമൊക്കെയായി താരപുത്രനെ കളിയാക്കുന്ന കാഴ്ചയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ കാണാൻ കഴിയുന്നത്.

താരത്തിന്റെ ആദ്യചിത്രത്തിലെ അഭിനയം വലിയ രീതിയിൽ ട്രോളന്മാർ ആഘോഷിച്ചിരുന്നു. ഏറ്റവുമൊടുവിൽ സുരേഷ് ​ഗോപി നായകനായ വി ജാനകി vs കേരളയിലാണ് മാധവ് അഭിനയിച്ചിരിക്കുന്നത്. ചിത്രത്തിൽ ചെറിയ വേഷമാണ് താരം കൈകാര്യം ചെയ്തിരിക്കുന്നതെങ്കിലും വലിയ വിമർശനമാണ് താരത്തെ തേടിയെത്തിയത്. മാധവിന്റെ അഭിനയം ചിത്രത്തിൽ അനാവശ്യമായി തോന്നിയെന്നും മുഴച്ചു നിൽക്കുന്നുണ്ടെന്നും വ്യക്തമാക്കി റീവ്യൂവേഴ്സ് അടക്കം രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ മാധവ് സുരേഷിനെതിരായ ട്രോളുകളിൽ പ്രതികരിച്ചിരിക്കുകയാണ് നടി ലെന. മാധവിന് വലിയ തരത്തിലുള്ള ട്രോൾ നേരിടേണ്ടി വന്ന ആദ്യ സിനിമയായ കുമ്മാട്ടിക്കളിയിൽ ലെനയും ഭാഗമായിരുന്നു.

ലെനയുടെ വാക്കുകൾ..

‘മാധവിന്റെ ആദ്യ സിനിമയാണ് കുമ്മാട്ടിക്കളി. ഒരാളെ ആദ്യ സിനിമയിൽ തന്നെ ട്രോൾ ചെയ്ത് നശിപ്പിക്കരുത്. ഇനി അഭിനയിക്കാൻ ധൈര്യം കാണിക്കരുത് എന്ന നിലയിൽ ട്രോൾ ചെയ്യുന്നത് ശരിയല്ല. അവൻ നന്നായി ഹാർഡ് വർക്ക് ചെയ്യുന്നുണ്ടെന്നാണ് എനിക്ക് തോന്നുന്നത്. സിനിമയെക്കുറിച്ച് പഠിക്കാൻ ശ്രമിക്കുന്ന വ്യക്തിയാണ് മാധവ്. കുറച്ചുകൂടി ബോൾഡ്‌നെസ് വന്നിട്ടായിരിക്കും മാധവ് തിരിച്ചുവരിക. മാധവിന് താത്‌പര്യം ഉണ്ടെങ്കിൽ അവൻ ഇനിയും അവന്റെ സ്‌കിൽസ് പോളിഷ് ചെയ്തുവരും. ആദ്യ സിനിമയിൽ തന്നെ എല്ലാവരും ഹൃത്വിക് റോഷൻ ആകണമെന്നില്ല’

Leave a Reply