യഷിനെ നായകനാക്കി ഗീതു മോഹൻദാസ് സംവിധാനംചെയ്യുന്ന പാൻ- ഇന്ത്യൻ ചിത്രം ‘ടോക്‌സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രോൺ അപ്‌സ്’ എന്ന ചിത്രവുമായി ബന്ധപ്പെട്ട വിവാദങ്ങളോട് പ്രതികരിച്ച് സെൻസർ ബോർഡ് ചെയർമാൻ പ്രസൂൺ ജോഷി. ഡിജിറ്റൽ മീഡിയയിൽ ഒരുപാട് കാര്യങ്ങളുണ്ടാവാമെന്നും അതൊന്നും സെൻസർ സർട്ടിഫിക്കേഷൻ നടപടികളിലൂടെ കടന്നുപോയിട്ടുണ്ടാവില്ലെന്നും പ്രസൂൺ ജോഷി പറഞ്ഞു. അതേസമയം, വിജയ് ചിത്രം ‘ജനനായകന്’ പ്രദർശനാനുമതി വൈകുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങളോട് പ്രതികരിക്കാൻ പ്രസൂൺ ജോഷി തയ്യാറായില്ല.
ചിത്രം സെൻസർ ബോർഡിന് മുമ്പാകെ സമർപ്പിക്കപ്പെട്ടിട്ടില്ലെന്നും അതിനാൽ പ്രതികരിക്കാനുള്ള സമയമായിട്ടില്ലെന്നുമായിരുന്നു ‘ടോക്‌സിക്’ വിവാദത്തിൽ പ്രസൂൺ ജോഷിയുടെ ആദ്യപ്രതികരണം. ‘യൂട്യൂബിലും മറ്റ് ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലും കാണുന്ന പലതും സർട്ടിഫിക്കറ്റ് നൽകിയത് ആവണമെന്നില്ല. അവ സെൻസർ നടപടികളിലൂടെ കടന്നുപോയിട്ടുണ്ടാവില്ല. അതിനാൽ ഒടിടിയിലോ യൂട്യൂബിലോ മറ്റ് ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലോ ആളുകൾ കാണുന്ന കാര്യങ്ങൾ ബോർഡ് സർട്ടിഫിക്കറ്റ് നൽകിയതാണെന്ന് തെറ്റിദ്ധരിക്കാൻ പാടില്ല’, അദ്ദേഹം കൂട്ടിച്ചേർത്തു.
‘സെൻസർ നടപടികൾ കഠിനമായ ജോലിയാണ്. അത് ആരും പുറത്തുകാണില്ല. സംവിധായകർ പറയുന്ന കാര്യങ്ങളും സമൂഹം പ്രതീക്ഷിക്കുന്നതും തമ്മിൽ സമതുലിതാവസ്ഥ നിലനിർത്താൻ സെൻസർ ബോർഡ് അംഗങ്ങൾ ശ്രമിക്കുകയാണ്’, അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, ‘ജനനായകൻ’ ചിത്രവുമായി ബന്ധപ്പെട്ട ചോദ്യങ്ങളിൽനിന്ന് പ്രസൂൺ ജോഷി ഒഴിഞ്ഞുമാറി. ചിത്രത്തെക്കുറിച്ച് ചോദിച്ചപ്പോൾ അക്കാര്യം കോടതി പരിഗണനയിലാണെന്നും ഇപ്പോൾ പ്രതികരിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ പുറത്തുവന്ന ‘ടോക്‌സിക്’ ടീസറിനെതിരേ കർണാടകയിലെ ആം ആദ്മി പാർട്ടിയുടെ വനിതാ വിഭാഗം സംസ്ഥാന വനിതാ കമ്മിഷനെ സമീപിച്ചിരുന്നു. ടീസറിൽ അശ്ലീല ഉള്ളടക്കം ഉണ്ടെന്നായിരുന്നു ആരോപണം. വനിതാ കമ്മിഷൻ സെൻസർ ബോർഡിനോട് വിശദീകരണം തേടി. സമാന ആരോപണവുമായി സാമൂഹികപ്രവർത്തകൻ ദിനേശ് കല്ലഹള്ളി സെൻസർ ബോർഡിന് നേരിട്ടും പരാതി നൽകിയിരുന്നു.







