Spread the love

സംസ്ഥാനത്ത് കോവിഡ് വാക്സീൻ ഉള്ളതു കൊല്ലത്തെയും തൃശൂരിലെയും 2 സ്വകാര്യ ആശുപത്രികളിൽ മാത്രം. സർക്കാർ മേഖലയിൽ ഒരു ഡോസ് വാക്സീൻ പോലും ലഭ്യമല്ല. രണ്ടു സ്വകാര്യ ആശുപത്രികളിലും കോവോ വാക്സ് ആണുള്ളത്. സമയത്ത് വാക്സീൻ എടുക്കാതിരിക്കുകയും വിദേശത്തു പോകേണ്ട അവസരത്തിൽ വാക്സീൻ ആവശ്യം വരുന്നവരുമാണു കുടുങ്ങുന്നത്. ഇവർ വാക്സീനു വേണ്ടി നെട്ടോട്ടത്തിലാണിപ്പോൾ.

കേന്ദ്രത്തിൽ നിന്നു വാക്സീൻ ലഭിക്കാത്തതും വാക്സീൻ എടുക്കാൻ ആളുകൾ താൽപര്യം കാണിക്കാത്തതും കാരണമാണു വിതരണം മുടങ്ങിയത്. കേരളം 3000 ഡോസ് വാക്സീൻ ആവശ്യപ്പെട്ടു 2 ആഴ്ച കഴിഞ്ഞെങ്കിലും കേന്ദ്രം പ്രതികരിച്ചിട്ടില്ല. സ്വകാര്യ ആശുപത്രികളാകട്ടെ വാക്സീൻ സംഭരിക്കാൻ മടിക്കുന്നു. 10 ഡോസിന്റെ വയ്‌ലുകളാണു ലഭിക്കുന്നത്. ഇതു തുറന്ന് 6 മണിക്കൂറിനകം ഉപയോഗിച്ചില്ലെങ്കിൽ പാഴാകും.

മിക്കപ്പോഴും ഒന്നോ രണ്ടോ പേരാണ് വാക്സീൻ എടുക്കാൻ എത്തുന്നത്. ശേഷിക്കുന്നതു പിന്നീട് ഉപയോഗിക്കാനാകില്ല. സർക്കാർ ആശുപത്രികളിലും ഇതേ അവസ്ഥയായിരുന്നു. രാജ്യത്താകെ വാക്സീൻ ക്ഷാമം ഉണ്ട്. ആവശ്യക്കാർ ഇല്ലാത്തതിനാൽ കമ്പനികൾ ഉൽപാദനം കുറച്ചു. ചില വാക്സീനുകൾ ഉൽപാദനം തൽക്കാലത്തേക്കു നിർത്തി. കേരളത്തിൽ ഒന്നാം ഡോസ് 2,91,50,788 പേരും രണ്ടാം ഡോസ് 2,52,71,896 പേരും സ്വീകരിച്ചപ്പോൾ കരുതൽ ഡോസിനായി ഇതുവരെ 30,86,066 പേരാണ് എത്തിയത്.

Leave a Reply