ദുരന്തത്തിൽ തകർന്ന വയനാടിനായുള്ള ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഡിവൈഎഫ്ഐയ്ക്കൊപ്പം സജീവമായി പങ്കെടുത്ത് നടി നിഖില വിമലും. ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് അത്യാവശ്യമായ സാധനങ്ങൾ ശേഖരിച്ച് എത്തിക്കുന്ന തളിപ്പറമ്പയിലെ കലക്‌ഷൻ സെന്ററിൽ വളണ്ടിയറായി പ്രവർത്തിക്കുന്ന താരത്തിന്റെ വിഡിയോ ഡിവൈഎഫ്ഐ ഔദ്യോഗിക പേജിൽ പങ്കുവക്കുകയായിരുന്നു.
കലക്‌ഷൻ സെന്ററിലെ പ്രവർത്തനങ്ങൾക്കൊപ്പം മുഴുവൻ സമയവും നിഖില വിമലും രംഗത്തുണ്ടായിരുന്നു. ബക്കറ്റ്, പാത്രങ്ങൾ, വെള്ളം, സാനിറ്ററി നാപ്കിൻസ്, കയർ, കുടിവെള്ളം, കുട്ടികളുടെ വസ്ത്രങ്ങൾ, തുണികൾ, ബെഡ്ഷീറ്റുകൾ, ഭക്ഷണ സാധനങ്ങൾ എന്നിവയാണ് ക്യാമ്പുകളിലേക്ക് എത്തിക്കുന്നത്.
അതേസമയം നടിയുടെ വീഡിയോ പുറത്തുവന്നതോടെ നിഖിലയെ അഭിനന്ദിച്ചും പ്രശംസിച്ചും നിരവധി പേർ രംഗത്തെത്തി. പ്രാർഥനയിലും പോസ്റ്റിലും മാത്രം ഒതുങ്ങാതെ നേരിട്ടിറങ്ങി പ്രവർത്തിക്കാൻ നിഖില കാണിച്ച മനസ്സ് കയ്യടി അർഹിക്കുന്നുവെന്നാണ് കമന്റുകൾ. മറ്റുള്ളവർക്ക് മാതൃകയാണ് നിഖിലയുടെ ഈ പ്രവർത്തികളെന്നും ചിലർ കമന്റ് ചെയ്തു.