Spread the love

ന്യൂഡൽഹി∙ കിഴക്കൻ ലഡാക്കിലെ സംഘർഷ മേഖലകളിൽനിന്ന് സേനാപിന്മാറ്റം ഊർജിതമാക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങും തമ്മിൽ നടന്ന സംഭാഷണത്തിൽ തീരുമാനിച്ചതിൽ വിമർശനവുമായി അസദുദ്ദീൻ ഉവൈസി എംപി. ഇന്ത്യയെ ഇരുട്ടിൽ നിർത്തുകയാണു മോദിയെന്ന് എഐഎംഐഎം അധ്യക്ഷനായ ഉവൈസി ആരോപിച്ചു.‘‘ലഡാക്ക് അതിർത്തിയിലെ യഥാർഥ സാഹചര്യത്തെപ്പറ്റി സ്വന്തം രാജ്യത്തെ ഇരുട്ടിൽ നിർത്തിയാണ് മോദി, ചൈനീസ് പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തിയത്. മോദി എന്താണ് ഒളിക്കുന്നത്? അതിർത്തി പ്രശ്നത്തിൽ എന്തു പരിഹാരവും അംഗീകരിക്കണമെന്നു സേനയ്ക്കുമേൽ മോദി സർക്കാർ സമ്മർദം ചെലുത്തുന്നത് എന്തുകൊണ്ടാണ്? മേയ് 2020ന് മുൻപുള്ള സ്ഥിതി പുനഃസ്ഥാപിക്കണമെന്നു നിർബന്ധിക്കാത്തത് എന്താണ്?

നമ്മുടെ ധീരസൈനികർ 40 മാസത്തിലേറെയായി അതിർത്തിയിൽ തുടരുകയാണ്. അവരെ കീഴ്‍പ്പെടുത്താൻ ചൈനയ്ക്കു കഴിയില്ല. നമ്മുടെ സൈനികരെ വിശ്വസിക്കാനും ഷിയെ ധൈര്യപൂർവം നേരിടാനും മോദിക്കു സാധിക്കാത്തത് എന്തുകൊണ്ടാണ്? ഇന്ത്യൻ മണ്ണ് നഷ്ടപ്പെട്ടത് മോദി അംഗീകരിക്കുകയാണോ? ചൈനയോടുള്ള മോദി സർക്കാരിന്റെ സമീപനം ലജ്ജാകരവും അപകടകരവുമാണ്. ഇത് മോദിയുടെ സ്വകാര്യസ്വത്തല്ല. രാജ്യസുരക്ഷയുടെ കാര്യമാണിത്. പാർലമെന്റിൽ പ്രത്യേക സെഷനിൽ വിഷയത്തെപ്പറ്റി ചർച്ച വേണം.’’– ഉവൈസി വിശദീകരിച്ചു.
ജൊഹാനസ്ബർഗിൽ ബ്രിക്സ് ഉച്ചകോടിക്കിടെയാണ് മോദിയും ഷിയും സംഭാഷണം നടത്തിയതെന്നു വിദേശകാര്യമന്ത്രാലയം അറിയിച്ചു. നേരത്തേ ബാലിയിൽ നടന്ന ജി20 ഉച്ചകോടിക്കിടയിലും ഇരു നേതാക്കളും വിഷയം ചർച്ച ചെയ്തിരുന്നു. 2020 മേയിൽ കിഴക്കൻ ലഡാക്ക് അതിർത്തിയിലെ ആറിടങ്ങളിൽ ചൈനീസ് സേന കടന്നുകയറിയതിനെത്തുടർന്ന് ആരംഭിച്ച സംഘർഷം ഇനിയും പൂർണമായി പരിഹരിച്ചിട്ടില്ല.

19 തവണ സേനാതലത്തിലും പലവട്ടം നയതന്ത്രതലത്തിലും ചർച്ചകൾ നടന്നെങ്കിലും ഡെപ്സങ്, ഡെംചോക് എന്നിവിടങ്ങളിൽനിന്നു ചൈന പിന്മാറിയിട്ടില്ല. ഇവിടെ നേരത്തേ ഇന്ത്യൻ സൈന്യം പട്രോളിങ് നടത്തിയിരുന്ന പല പോയിന്റുകളിലും ഇപ്പോൾ പട്രോളിങ് നടത്താനാവാത്ത അവസ്ഥയാണ്. ഏറ്റവുമൊടുവിൽ ഓഗസ്റ്റ് 14നു നടന്ന ചർച്ചയിൽ ഇക്കാര്യം ഇന്ത്യ ആവശ്യപ്പെട്ടിരുന്നു.

Leave a Reply