Spread the love

ശബരിമല സ്വര്‍ണക്കവര്‍ച്ചയ്ക്കു പിന്നാലെ പഞ്ചലോഹ വിഗ്രഹക്കടത്തു സംബന്ധിച്ച നിര്‍ണായക വിവരങ്ങളും പുറത്ത്. കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുമായി ബന്ധമുള്ള പ്രവാസി വ്യവസായി പ്രത്യേക അന്വേഷണ സംഘത്തിനു നല്‍കിയ മൊഴിയിലാണ് വിഗ്രഹക്കടത്തിനെക്കുറിച്ചുള്ള വിവരങ്ങള്‍ ഉള്ളത്. മൊഴിയുടെ അടിസ്ഥാനത്തില്‍ ശബരിമലയില്‍നിന്നാണോ വിഗ്രഹങ്ങള്‍ കടത്തിയതെന്നതുള്‍പ്പെടെ അന്വേഷിക്കും. സ്വര്‍ണക്കവര്‍ച്ച കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റി ഇടനിലക്കാരനായെന്നും വിഗ്രഹങ്ങള്‍ വാങ്ങിയത് ‘ഡി മണി’ എന്നറിയപ്പെടുന്ന ചെന്നൈ സ്വദേശിയാണെന്നുമാണു മൊഴിയില്‍ പറയുന്നത്. 

2019–2020 കാലഘട്ടത്തിൽ വിഗ്രഹക്കടത്ത് നടന്നതായാണ് വ്യവസായി പറഞ്ഞിരിക്കുന്നത്. ‘ഡി മണി’ ആരാണ് എന്നതിനെക്കുറിച്ചും എസ്‌ഐടിക്കു വിവരം കൈമാറിയിട്ടുണ്ട്. 2020 ഒക്‌ടോബര്‍ 26ന് ഡി മണി തിരുവനന്തപുരത്ത് നേരിട്ടെത്തി ശബരിമലയുമായി അടുത്ത ബന്ധമുള്ള ഉന്നതനാണു പണം കൈമാറിയതെന്നാണ് വിവരം. ഉണ്ണികൃഷ്ണന്‍ പോറ്റിയും സ്ഥലത്തുണ്ടായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യം ഹോട്ടലില്‍ എത്തി കച്ചവടം ഉറപ്പിച്ചു പണം കൈമാറുകയും തുടര്‍ന്ന് നാല് ഘട്ടങ്ങളിലായി പഞ്ചലോഹ വിഗ്രഹങ്ങള്‍ കൈമാറിയെന്നാണ് മൊഴിയില്‍ പറയുന്നത്. വ്യവസായി പരാമര്‍ശിച്ച ഡി മണി പുരാവസ്തുക്കടത്ത് സംഘത്തിന്റെ ഭാഗമാണെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്ന വിവരം. 

ശബരിമല സ്വര്‍ണക്കവര്‍ച്ചയുടെ അന്വേഷണത്തിനിടയിലാണ് പുരാവസ്തുക്കടത്തു സംഘത്തിനു ബന്ധമുണ്ടെന്ന ആരോപണവുമായി കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തിയത്. വിദേശത്തുള്ള ഒരു വ്യവസായിയാണു വിവരം നല്‍കിയതെന്നും ചെന്നിത്തല പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് എസ്‌ഐടി വ്യവസായിയുടെ മൊഴി രേഖപ്പെടുത്തിയത്.

Leave a Reply