തിരുവനന്തപുരം∙ സഭകളുടെ പിന്തുണ നഷ്ടപ്പെട്ടതാണ് പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് കാരണമെന്ന് സിപിഐ വിലയിരുത്തൽ. ഉപതിരഞ്ഞെടുപ്പ് പരാജയത്തെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചില്ല. വാർത്താക്കുറിപ്പിലൂടെയോ സമൂഹമാധ്യമങ്ങളിലൂടെയോ മുഖ്യമന്ത്രിയുടെ പ്രതികരണം ഉണ്ടായില്ല. മുഖ്യമന്ത്രി വാർത്താ സമ്മേളനം നടത്തിയിട്ട് ഏഴുമാസമാകുന്നു. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്, കമ്മിറ്റി യോഗങ്ങൾ പുതുപ്പള്ളി ഫലം വിലയിരുത്തും. സർക്കാരിനെതിരെയുള്ള വിധിയെഴുത്തല്ലെന്നും ഉമ്മൻ ചാണ്ടിയോടുള്ള സ്നേഹമാണ് തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചതെന്നും സിപിഎം നേതൃത്വം പറയുന്നു.സഭകളോടുള്ള അടുപ്പം വർധിപ്പിക്കണമെന്നാണ് സിപിഐ നിലപാട്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതു മുന്നണിയെ പിന്തുണച്ച യാക്കോബായ, ഓർത്തഡോക്സ് സഭകൾ ഇത്തവണ ഇടതു മുന്നണിക്ക് വോട്ടു ചെയ്തില്ലെന്ന് പാർട്ടി വിലയിരുത്തുന്നു. കഴിഞ്ഞ തവണ ജെയ്ക്ക് സി.തോമസ് ലീഡ് ചെയ്ത, യാക്കോബായ സഭയ്ക്ക് ശക്തിയുള്ള മണർകാട്ടും ഇത്തവണ ഇടതുമുന്നണി പിന്നിലായി. ജെയ്ക്കിന്റെ ബൂത്തിലും ചാണ്ടി ഉമ്മനാണ് ലീഡ് ചെയ്തത്.
മണ്ഡലത്തിലെ ഒരു ബൂത്തിൽ മാത്രമാണ് ജെയ്ക്കിന് ലീഡ് ചെയ്യാനായത്. പ്രചാരണത്തിൽ പിന്നോട്ടുപോയെന്നു സിപിഐയ്ക്ക് അഭിപ്രായമുണ്ട്. തോൽവി ആദ്യമേ സമ്മതിച്ച രീതിയിലായിരുന്നു പ്രചാരണം. യുഡിഎഫ് തുടക്കം മുതൽ അച്ചടക്കത്തോടെ പ്രചാരണം നടത്തി. പ്രചാരണം ശക്തമാക്കിയിരുന്നെങ്കിൽ ഇത്ര കനത്ത തിരിച്ചടിയുണ്ടാകില്ലായിരുന്നു. പരാജയപ്പെട്ടെങ്കിലും മുന്നണിയുടെ അടിസ്ഥാന വോട്ടുകളിൽ കുറവുണ്ടായിട്ടില്ലെന്ന് സിപിഐ നേതൃത്വം പറയുന്നു. സർക്കാർ വിരുദ്ധ തരംഗമില്ല. മാധ്യമ വാർത്തകളും ഫലത്തെ സ്വാധീനിച്ചു. കോട്ടയം ജില്ലാ കൗൺസിൽ ഫലം വിലയിരുത്തും.
പാർട്ടിയുടെ അടിസ്ഥാന വോട്ടുകളിൽ കുറവുണ്ടായിട്ടില്ലെന്നാണ് സിപിഎം നേതൃത്വം പറയുന്നത്. മണ്ഡലത്തില്‍ സിപിഎമ്മിന് 35000ത്തോളം ഉറച്ച വോട്ടുകളുണ്ട്. അതിൽ ചോർച്ചയുണ്ടായിട്ടില്ല. സഭയുടെ പിന്തുണ ലഭിച്ചതും ഉമ്മൻ ചാണ്ടിയുടെ ഓർമകളും യുഡിഎഫിന് ശക്തിപകർന്നു. പരാജയത്തിന്റെ ആഘാതം കുറയ്ക്കാമായിരുന്നെന്ന വിലയിരുത്തലുമുണ്ട്. പ്രചാരണത്തിൽ പിന്നോട്ടു പോയി എന്നതടക്കമുള്ള ആക്ഷേപങ്ങൾ പാർട്ടി പരിശോധിക്കും.