Spread the love

പ്രശസ്ത സംവിധായകൻ രാം ഗോപാൽ വർമ്മയുടെ ‘സാരി ‘ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലേക്ക് കാലെടുത്തുവയ്ക്കുകയാണ് ആരാധ്യ ദേവി എന്ന മലയാളി. ശ്രീലക്ഷ്മി സതീഷ് എന്ന പേര് മാറ്റിയാണ് നടി ആരാധ്യ ദേവി എന്ന പേര് സ്വീകരിച്ചത്. സിനിമയിൽ അഭിനയിക്കാൻ സാധിക്കാത്ത അവസ്ഥയുളള ഒരു കുടുംബമായിരുന്നു തന്റേതെന്നാണ് നടി ഇപ്പോൾ പറഞ്ഞിരിക്കുന്നത്. ഇഷ്ടപ്പെട്ട വസ്ത്രം ധരിക്കുന്നത് ഒരു വ്യക്തിയുടെ സ്വാതന്ത്ര്യമാണെന്നും ആരാധ്യ ദേവി പറഞ്ഞു. പുതിയ ചിത്രത്തിന്റെ പ്രമോഷൻ പരിപാടിക്കിടയിലാണ് നടി ഇക്കാര്യങ്ങൾ തുറന്ന് സംസാരിച്ചത്.

‘എല്ലാവരെയും പോലെ സദാചാര ബോധത്തോടെ ഓരോ കാര്യങ്ങളും നോക്കി കണ്ട വ്യക്തിയായിരുന്നു ഞാൻ. സാരി എന്ന ചിത്രത്തിൽ അഭിനയിച്ചതോടെ എല്ലാ കാര്യങ്ങളും മാറി മറിഞ്ഞു. ഞാൻ പി ജി ചെയ്യുന്ന സമയത്താണ് റീൽസ് ചെയ്ത് തുടങ്ങിയത്. അതിനിടയിൽ ഞാൻ ചെയ്ത ഒരു റീലാണ് രാം ഗോപാൽ വർമ്മ സാർ കാണുകയും ഞാൻ ആരാണെന്ന് തിരക്കുകയും ചെയ്തത്. എന്റെ ജനറേഷനിലുളള മിക്കവർക്കും അദ്ദേഹത്തെ അറിയില്ല. അദ്ദേഹം എനിക്ക് മെസേജ് അയച്ചു. എനിക്ക് എന്തു ചെയ്യണമെന്ന് അറിയില്ലായിരുന്നു.

ആ സമയത്ത് അദ്ദേഹത്തെക്കുറിച്ച് പല വിവാദങ്ങളും പുറത്തുവന്നിരുന്നു. അതിൽ ഏത് വിശ്വസിക്കണം എന്ന ആശയക്കുഴപ്പത്തിലായി. അദ്ദേഹം ചെയ്ത ചിത്രങ്ങൾ എനിക്കറിയാമായിരുന്നു. ഗ്ലാമറസ് വേഷങ്ങളെ മനോഹരമാക്കിയാണ് രാം ഗോപാല വർമ്മ അവതരിപ്പിച്ചിട്ടുളളത്. എനിക്ക് സിനിമയിൽ അഭിനയിക്കാൻ അവസരം തന്നു.ആ സമയത്ത് എനിക്ക് 22 വയസായിരുന്നു. ഈ വിവരം അച്ഛനോടും അമ്മയോടും പറഞ്ഞു. അവർക്ക് ആദ്യം ഇതൊന്നും അംഗീകരിക്കാൻ സാധിച്ചിരുന്നില്ല.

സാധാരണ ഒരു കുടുംബത്തിൽ നിന്നുളള വ്യക്തിയാണ്. എല്ലാവരും പഠനത്തിനാണ് പ്രധാന്യം നൽകിയത്. സിനിമ എനിക്ക് ഇഷ്ടമാണ്. അഭിനയിക്കാനും ഇഷ്ടമായിരുന്നു. പക്ഷെ അത്തരത്തിൽ ചിന്തയുളള കുടുംബമായിരുന്നില്ല എന്റേത്. അദ്ദേഹം എന്നിൽ കാണുന്ന സൗന്ദര്യം എന്താണെന്ന് ഇപ്പോഴും അറിയില്ല. ഞാൻ പഠിക്കാൻ പോകുമ്പോൾ ചുരിദാറും ഷാളുമിട്ടായിരുന്നു പോയിരുന്നത്. എല്ലാ സുഹൃത്തുക്കൾക്കും അറിയാവുന്ന കാര്യമാണ്. ഞാൻ ഒരുപാട് മാറി.സിനിമയിൽ ഗ്ലാമറസ് വേഷങ്ങൾ ചെയ്യുന്നതിന് വിമർശനങ്ങൾ നടത്തേണ്ട ആവശ്യം വരുന്നില്ല. വസ്ത്രം ഒരു വ്യക്തിയുടെ സ്വാതന്ത്ര്യമാണ്.എന്നെ സോഷ്യൽ മീഡിയയിലൂടെ ഒരുപാട് പേർ ട്രോളിയിട്ടുണ്ട്. അതൊക്കെ അച്ഛനും അമ്മയ്ക്കും ഒരുപാട് സങ്കടമായിട്ടുണ്ട്’- ആരാധ്യ ദേവി പറഞ്ഞു.

Leave a Reply