Spread the love

ദമ്പതിമാർക്കിടയിൽ ഒരു കുഞ്ഞു വരുന്നതോടെ ജീവിതത്തിൽ സംഭവിക്കുന്ന പലതരം മാറ്റങ്ങളെ കുറിച്ച് പലകുറി പലരും പറഞ്ഞിട്ടുണ്ട്. അല്ലി ജീവിതത്തിലേക്ക് വന്നതോടെ തന്റെ ജീവിതം മാറിയതിനെ  കുറിച്ച് പൃഥ്‌വിയും മറിയയെ കുറിച്ച് ദുൽഖറും പല വേദികളിൽ ഇക്കാര്യം വൈകാരികമായി പറഞ്ഞിട്ടുണ്ട്. യുവ സംവിധായകൻ ബേസിൽ, കുഞ്ചാക്കോ ബോബൻ, ദിലീപ് തുടങ്ങിയവരും തങ്ങളുടെ ജീവിതം കുട്ടികൾക്ക് ശേഷം മനോഹരമായതിനെ കുറിച്ച് പറയാറുണ്ട്.

മാറ്റം രണ്ടു വ്യക്തികൾക്ക് ഇടയിൽ മാത്രമായിരിക്കില്ല. ജീവിതതോടൊപ്പം കരിയറും മാറ്റങ്ങള്‍ക്ക്  വിധേയമാകും. ഇത്തരത്തിൽ ഗർഭ ധാരണം മുതൽ പേരിട്ടത് വരെ  തങ്ങളുടെ കുഞ്ഞിനെ സംബന്ധിക്കുന്ന ചെറിയ ചെറിയ വിശേഷങ്ങൾ പ്രേക്ഷകരോട് പങ്കുവെച്ച ആളാണ് നടി അമല പോൾ. ഗര്‍ഭിണിയായിരുന്നപ്പോഴും സിനിമയില്‍ അഭിനയിച്ചിരുന്നു നടി. നിറ വയറുമായായിരുന്നു ആടുജീവിതത്തിന്റെ പ്രമോഷന്‍ പരിപാടികളിലെല്ലാം നടി ഉത്സാഹത്തോടെ പങ്കെടുത്തത്. ഇതിനെല്ലാം പങ്കാളി ജഗത് ദേശായി നൽകിയ പിന്തുണ എടുത്തു പറയേണ്ട ഒന്നാണ്.

ഇലൈ എന്നാണ് മകന്റെ പേര്. പ്രസവ ശേഷം അമലയും കുഞ്ഞും വീട്ടിൽ തിരിച്ചെത്തുന്നതുമെല്ലാം പ്രേക്ഷകർ ഏറെ സന്തോഷത്തോടെയാണ് കണ്ടത്.  അമ്മയായതിന് ശേഷമുള്ള വിശേഷങ്ങളും താരം കഴിഞ്ഞ ദിവസം ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയിലൂടെ പങ്കിട്ടിരുന്നു. ആരാധകരുടെ ചോദ്യങ്ങള്‍ക്കും  താരം മറുപടി  നൽകിയിരുന്നു.

നടി ചിലരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകി തുടങ്ങിയതോടെ പലതരം ചോദ്യങ്ങളുമായി ആളുകൾ വിശേഷം അറിയാൻ എത്തുകയായിരുന്നു. ഇളൈ വന്നതിന് ശേഷമുള്ള മാറ്റത്തെക്കുറിച്ച് ഒരാൾ ചോദിച്ചപ്പോൾ  ‘ഇപ്പോള്‍ ഞാന്‍ പുതിയൊരാളാണ്, പുതിയൊരു ജീവിതവുമാണ്, ഇതൊരു മാജിക്കാണെന്നുമായിരുന്നു’ നടിയുടെ മറുപടി. അമ്മ റോള്‍ എങ്ങനെയുണ്ടെന്ന ചോദ്യത്തിന്  ഓണ്‍ ഡ്യൂട്ടി ആണെന്നായിരുന്നു അമലയുടെ രസകരമായ മറുപടി.

2023 നവംബറിലായിരുന്നു ജഗതും അമലയും തമ്മിലുള്ള വിവാഹം. വിവാഹചിത്രങ്ങളും വീഡിയോയും വൈറലായിരുന്നു. ജനുവരിയിലായിരുന്നു അമ്മയാവാന്‍ ഒരുങ്ങുന്ന സന്തോഷം അമല പങ്കുവെച്ചത്. പിന്നീടങ്ങോട്ടുള്ള വിശേഷങ്ങളെല്ലാം താരം ഇന്‍സ്റ്റഗ്രാമിലൂടെയായി പങ്കിടുന്നുണ്ടായിരുന്നു. 

Leave a Reply