വീണ്ടുമൊരു രാമായണമാസം സമാഗതമാകുന്നു. ശ്രീരാമദേവന്റെ ജീവിതയാത്രയാണ് രാമായണം. രാമന്റെ അയനമെന്നു വിവക്ഷ. അയനമെന്നാല്‍ യാത്ര. ഏഴുകാണ്ഡങ്ങളി ലായി, 24,000 ശ്ലോകങ്ങളോടെ ആദികവി വാത്മീകിയെഴുതിയ ഇതിഹാസകാവ്യമാണിത്.
കര്‍ക്കടകത്തിലെ പുണ്യകര്‍മമാണ് രാമായണ പാരായണം. കര്‍ക്കടകത്തിലെ പ്രാരാബ്ധങ്ങള്‍ രാമായണ പാരായണത്തിലൂടെ അതിജീവിക്കാമെന്നാണ് വിശ്വാസം. രാമായണത്തിലെ ഓരോ ഭാഗവും പാരായണം ചെയ്യുന്നതിന് നിയതമായ ചിട്ടവട്ടങ്ങളുണ്ട്. അചഞ്ചല ഭക്തിയോടെ, നിഷ്ഠയോടെ ഓരോ ഭാഗവും പാരായണം ചെയ്യുമ്പോള്‍ അതിന് അനുസൃതമായ ഫലങ്ങള്‍ കൈവരുമെന്നാണ് സങ്കല്പം.
രാമന്റെ ജനനം മുതല്‍ പട്ടാഭിഷേകം വരെയുള്ള ഭാഗമാണ് പൂര്‍വരാമായണം. അതുകഴിഞ്ഞ് അശ്വമേധം വരെയുള്ളത് ഉത്തരരാമായണം. ബാലകാണ്ഡം, അയോധ്യാകാണ്ഡം, ആരണ്യകാണ്ഡം, കിഷ്‌കിന്ധാ കാണ്ഡം, സുന്ദരകാണ്ഡം, യുദ്ധ കാണ്ഡം, ഉത്തര കാണ്ഡം എന്നിങ്ങനെ ഏഴു കാണ്ഡങ്ങളിലായി വിന്യസിക്കപ്പെട്ട 24,000 ശ്ലോകങ്ങളും രാമായണമാസക്കാലത്ത് വായിച്ചു തീര്‍ക്കണം. കര്‍ക്കടകം ഒന്നു മുതല്‍ 31 വരെയാണ് പാരായണ കാലം.







