ഇനി സ്‌കൂള്‍ കുട്ടികള്‍ക്കും സ്വന്തം പേരില്‍ അക്കൗണ്ട് തുടങ്ങാം. അതായത് 12 വയസിനും 16 വയസിനും ഇടയിലുള്ള കുട്ടികള്‍ക്ക്. അതും എല്ലാവിധ സൗകര്യങ്ങളും ലഭിക്കുന്ന അക്കൗണ്ട്. വിവരങ്ങള്‍ കൃത്യമായി എസ്എംഎസിലൂടെ അറിയിക്കുന്ന അക്കൗണ്ട്, പരീക്ഷകള്‍ക്ക് ഫീസ് അടയ്ക്കാനും മറ്റും ഡിഡി എടുക്കേണ്ടി വന്നാല്‍ സൗജന്യമായി നല്‍കുന്ന അക്കൗണ്ട്, ആര്‍ടിജിഎസും എന്‍ഇഎഫ്ടിയും ഐഎംപിഎസും സൗജന്യമായി നല്‍കുന്ന അക്കൗണ്ട്. സര്‍വീസ് ചാര്‍ജ്ജ് ഇല്ലേയില്ല. എടിഎം കാര്‍ഡും സൗജന്യം. മൊബൈല്‍ ബാങ്കിംഗും പൂര്‍ണ സൗജന്യം. ഇങ്ങനെ മുതിര്‍ന്നവര്‍ ഫീസ് നല്‍കി സ്വീകരിക്കുന്ന എല്ലാ സേവനങ്ങളും കുട്ടികള്‍ക്ക് സൗജന്യമായി നല്‍കുന്നു കേരള ബാങ്ക്.
സംസ്ഥാന സര്‍ക്കാര്‍ വിഭാവനം ചെയ്ത വിദ്യാനിധി അക്കൗണ്ടിലൂടെ. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ഏത് സ്‌കോളര്‍ ഷിപ്പും ഈ അക്കൗണ്ടിലൂടെ കിട്ടും. കമ്മിഷനായോ സര്‍വീസ് ചാര്‍ജ്ജായോ ഒരു പൈസ പോലും നഷ്ടപ്പെടാതെ. ഇനി ഉന്നത പഠനത്തിന് പോകാന്‍ വിദ്യാഭ്യാസ വായ്പ എടുക്കാന്‍ പോയാലോ, അവിടെയും ലഭിക്കും വിദ്യാനിധിക്കാര്‍ക്ക് പ്രത്യേക പരിഗണനയും മുന്‍ഗണനയും. കുട്ടിക്കൂട്ടുകാര്‍ക്ക് മാത്രമല്ല കേരള ബാങ്ക് വിദ്യാനിധി സൗകര്യമൊരുക്കുന്നത്. അവരുടെ രക്ഷിതാക്കള്‍ക്കുമുണ്ട് മറ്റൊരു അക്കൗണ്ട്. അമ്മമാര്‍ക്കായിരിക്കും മുന്‍ഗണന. വിദ്യാനിധിയില്‍ അംഗമായ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാനായാണ് രക്ഷിതാവിന് പ്രിവില്ലേജ് അക്കൗണ്ട് നല്‍കുന്നത്. ഈ അക്കൗണ്ട് എടുത്താല്‍ സൗജന്യമായി അപകട ഇന്‍ഷുറന്‍സും ലഭിക്കും. രണ്ട് ലക്ഷം രൂപവരെ സഹായം ലഭിക്കുന്ന ഇന്‍ഷുറസായിരിക്കും ലഭിക്കുക. ഇന്ന് രാവിലെ 11 മണിക്ക് മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ പദ്ധതി ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ മന്ത്രി ശ്രി. വി.ശിവന്‍കുട്ടിയും അക്കൗണ്ട് നല്‍കുന്ന കേരള ബാങ്കിന്റെ പ്രസിഡന്റ് ശ്രീ. ഗോപികോട്ടമുറിക്കലും ഉദ്ഘാടനത്തിനെത്തി.