കുട്ടികൾക്ക് മുമ്പിൽ നഗ്നത പ്രദർശനം നടത്തിയെന്ന കേസില്‍ അറസ്റ്റിലായ നടന്‍ ശ്രീജിത്ത് രവിക്ക് ജാമ്യമില്ല. 14 ദിവസത്തേക്ക് തൃശ്ശൂര്‍ അഡീഷണല്‍ സെഷന്‍സ് കോടതി റിമാന്‍റ് ചെയ്തു. പോക്സോ വകുപ്പുകൾ ചുമത്തിയാണ് ഇദ്ദേഹത്തിനെതിരെ കേസെടുത്തത്. തന്‍റേത് ഒരു രോഗമാണെന്നും മരുന്ന് കഴിക്കാത്തത് കൊണ്ടുണ്ടായ പ്രശ്നമാണെന്നുമാണ് ശ്രീജിത്ത് രവിയുടെ അഭിഭാഷകന്‍ കോടതിയിലെ ജാമ്യഹര്‍ജിയില്‍ വാദിച്ചത്. എന്നാല്‍ പ്രതി മുമ്പും സമാന കുറ്റം ചെയ്തിട്ടുണ്ടെന്നും ജാമ്യം നല്‍കുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. ഇത് അംഗീകരിച്ചാണ് കോടതി ജാമ്യം നിഷേധിച്ചത്. ശ്രീജിത്തിനെതിരെ ചുമത്തിയത് 3 വർഷം വരെ തടവ് ലഭിക്കാവുന്ന വകുപ്പുകളാണ്. സ്‍ത്രീകളോടുള്ള അതിക്രമം, പോക്സോ വകുപ്പുകളുമാണ് ശ്രീജിത്ത് രവിക്ക് ചുമത്തിയിട്ടുണ്ട്. രണ്ട് ദിവസം മുൻപാണ് സംഭവം. തൃശ്ശൂർ എസ് എൻ പാർക്കിന് സമീപത്ത് വെച്ച് 11ഉം അഞ്ചും വയസുള്ള രണ്ട് കുട്ടികൾക്ക് മുന്നിൽ വെച്ച് നഗ്നതാ പ്രദർശനം നടത്തിയ ശേഷം ഇവിടെ നിന്ന് പോവുകയായിരുന്നു. ശ്രീജിത്ത് രവി കുട്ടികളെ വീട് വരെ പിന്തുടർന്നുവെന്നും വീടിന് മുന്നിൽ വച്ചാണ് നഗ്നതാ പ്രദർശനം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. പിറ്റേ ദിവസവും ഇയാൾ കുട്ടികളെ പിന്തുടർന്ന് നഗ്നത പ്രദർശനത്തിന് ശ്രമിച്ചു. വീട്ടുകാർ കണ്ടതോടെ ശ്രീജിത്ത് കാറുമായി സ്ഥലം വിടുകയായിരുന്നു.