
ലൈസന്‍സ് താത്കാലികമായി റദ്ദു ചെയത റേഷന്‍ കടകളുമായി ബന്ധപ്പെട്ട തടസങ്ങള്‍ പരിഹരിച്ച് കൂടുതല്‍ കടകള്‍ പ്രവര്‍ത്തനക്ഷമമാക്കുമെന്ന് ഭക്ഷ്യ- പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍. അനില്‍ . ലൈസന്‍സ് റദ്ദു ചെയ്ത റേഷന്‍ കടകളുമായി ബന്ധപ്പെട്ട ഫയലുകളില്‍ തീര്‍പ്പു കല്‍പ്പിക്കുന്നതിന് കളക്ടറേറ്റില്‍ നടത്തിയ അദാലത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഉടമസ്ഥാവകാശികള്‍ ഇല്ലാത്ത കടകള്‍ക്ക് പുതിയ ഉടമസ്ഥരെ കണ്ടെത്തുന്നതിന് സമയബന്ധിതമായി നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. ആകെ 50 അപേക്ഷകളാണ് അദാലത്തില്‍ പരിഗണിച്ചത്. 10 അപേക്ഷകളില്‍ അനന്തര അവകാശികള്‍ക്ക് റേഷന്‍ കട തുടര്‍ന്ന് പ്രവര്‍ത്തിപ്പിക്കുന്നതിന് അനുമതി നല്‍കി. 17 കടകളുടെ ലൈസന്‍സ് സ്ഥിരമായി റദ്ദു ചെയ്യുന്നതിന് തീരുമാനമെടുത്തു. ഈ സ്ഥലങ്ങളില്‍ പുതിയ ലൈസന്‍സികളെ കണ്ടെത്തുന്നതിന് വിജ്ഞാപനം നടത്തി തുടര്‍ നടപടികള്‍ സ്വീകരിക്കും.