ഇതിഹാസ ഒഡിയ ഗായകനും സംഗീത സംവിധായകനുമായ പ്രഫുല്ല കർ (83) അന്തരിച്ചു. ഞാറാഴ്ച രാത്രി ഭക്ഷണം കഴിച്ചതിനുശേഷം പ്രഫുല്ലകറിന് നെഞ്ചുവേദന അനുഭവപ്പെടുകയും സത്ത്യനഗറിലെ വീട്ടിൽ വെച്ച് മരണം സംഭവിക്കുകയുമായിരുന്നു. 1939 ഫെബ്രുവരി 16 ന് പുരിയിൽ ആണ് അദ്ദേഹത്തിന്റെ ജനനം. സംഗീതജ്ഞൻ, ഗായകൻ, ഗാനരചയിതാവ്, എഴുത്തുകാരൻ, കോളമിസ്റ്റ് എന്നീ നിലകളിൽ പ്രശസ്തനായിരുന്നു. 2004-ൽ ജയദേവ പുരസ്‌കാരം ലഭിച്ച അദ്ദേഹത്തിന് തുടർച്ചയായി ആറ് തവണ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. 2015-ൽ പത്മശ്രീ പുരസ്‌കാരം നേടി. ഉഷാ മങ്കേഷ്‌കർ, കവിതാ കൃഷ്ണമൂർത്തി, സുരേഷ് വാഡ്‌കർ, എം.ഡി. അസീസ്, കിഷോർ കുമാർ, അമിത് കുമാർ, വാണി ജയറാം, എസ്. ജാനകി, ചിത്ര, യേശുദാസ്, എസ്.പി. ബാലുസുബ്രഹ്മണ്യം തുടങ്ങി ഒട്ടേറെ ഗായികമാർ അദ്ദേഹത്തിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ഒടിയ സംഗീതത്തിന് ശബ്ദം നൽകിയിട്ടുണ്ട്.
“ശ്രീ പ്രഫുല്ല കർ ജിയുടെ വേർപാടിൽ വേദനിക്കുന്നു. ഒഡിയ സംസ്‌കാരത്തിനും സംഗീതത്തിനും അദ്ദേഹം നൽകിയ സംഭാവനകൾക്ക് അദ്ദേഹം സ്മരിക്കപ്പെടും. ബഹുമുഖ വ്യക്തിത്വത്താൽ അനുഗ്രഹീതനായിരുന്നു, അദ്ദേഹത്തിന്റെ സർഗ്ഗാത്മകത അദ്ദേഹത്തിന്റെ സൃഷ്ടികളിൽ പ്രതിഫലിച്ചു. അദ്ദേഹത്തിന്റെ കുടുംബത്തിനും ആരാധകർക്കും അനുശോചനം. ശാന്തി,” എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററിൽ കുറിച്ചു.