Spread the love

ഭുവനേശ്വര്‍: ഒഡീഷ ട്രെയിൻ ദുരന്തത്തില്‍ ജീവൻ പൊലിഞ്ഞ് ഭുവനേശ്വര്‍ എയിംസില്‍ എത്തിച്ച 162 മൃതദേഹങ്ങളില്‍ 82 എണ്ണം ഇപ്പോഴും തിരിച്ചറിയാതെ മോര്‍ച്ചറിയില്‍.

പല മൃതദേഹങ്ങള്‍ക്കും അവകാശികളില്ല. ചില മൃതദേഹങ്ങള്‍ തങ്ങളുടെ കുടുംബാംഗത്തിന്‍റേതാണെന്ന് അവകാശപ്പെട്ട് ഒന്നിലേറെ പേര്‍ വരുന്നുണ്ട്. ഇത് ആശയക്കുഴപ്പത്തിനും ഇവരെ തിരിച്ചറിഞ്ഞ് കുടുംബങ്ങള്‍ക്ക് വിട്ടുനല്‍കുന്നതിലും കാലതാമസത്തിന് ഇടയാക്കുന്നു.

മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞ് അവകാശികളെ കണ്ടെത്തുന്ന പ്രക്രിയ വേഗത്തിലാക്കാൻ മറ്റു സംസ്ഥാന സര്‍ക്കാറുകളിലെ ഉദ്യോഗസ്ഥരുമായി ബന്ധപ്പെടുന്നുണ്ട്.

മരിച്ചവരുടെ ബന്ധുക്കളെ സഹായിക്കാൻ കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്. മൃതദേഹങ്ങള്‍ ഏറ്റുവാങ്ങാൻ എത്തുന്ന ആളുകള്‍ക്ക് ഭക്ഷണവും താമസ സൗകര്യവും ഒരുക്കുന്നുണ്ട് ഭുവനേശ്വര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷൻ (ബി.എം.സി) കമീഷ്ണര്‍ പറഞ്ഞു.

അതേസമയം, മൃതദേഹങ്ങള്‍ സൂക്ഷിച്ച ബഹനഗ ഗവ. നോഡല്‍ ഹൈസ്കൂളിലേക്ക് കുട്ടികളെ അയക്കാൻ രക്ഷിതാക്കള്‍ വിസമ്മതിക്കുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ട്. മരിച്ചവരുടെ ആത്മാക്കള്‍ കുട്ടികളെ വേട്ടയാടുമെന്ന ഭയമാണ് രക്ഷിതാക്കള്‍ക്ക്. അതിനാല്‍ സ്കൂളില്‍ മൃതദേഹങ്ങള്‍ സൂക്ഷിച്ച കെട്ടിടഭാഗം പൊളിച്ചു നീക്കാനൊരുങ്ങുകയാണ് സ്കൂള്‍ അധികൃതരും ജില്ല ഭരണകൂടവും.

ബിഹാറില്‍നിന്നുള്ള 19 യാത്രക്കാരെ കാണാനില്ലെന്ന് ബിഹാര്‍ സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. ഉദ്യോഗസ്ഥ സംഘത്തെ ബിഹാര്‍ സര്‍ക്കാര്‍ ഒഡിഷയിലേക്ക് അയച്ചിട്ടുണ്ട്. ബിഹാറില്‍നിന്നുള്ള 50 പേരാണ് അപകടത്തില്‍ മരിച്ചത്.

Leave a Reply