അര്ബുദ ബാധയെ തുടര്ന്ന് ചികിത്സയിലിരിക്കെ മലയാളത്തിന്റെ പ്രിയ ഭാവഗായകൻ പി. ജയചന്ദ്രൻ ഇന്നലെയാണ് ലോകത്തോട് വിട വാങ്ങിയത്. കാലാതീതമായ കാല്പനിക ഗാനങ്ങൾ രാജ്യത്തിന് സമ്മാനിച്ച പ്രതിഭയുടെ വിയോഗത്തിൽ അനുസ്മരിച്ച് രംഗത്തെത്തിയിരിക്കുകയാണ് മോഹൻലാൽ. തനിക്ക് ജ്യേഷ്ഠ സഹോദരനു തുല്യമായിരുന്നു ജയേട്ടനെന്നും അദ്ദേഹം പറഞ്ഞു. ജയചന്ദ്രൻ തന്റെ വീട് സന്ദർശിച്ചിരുന്ന കാലവും അമ്മയ്ക്ക് പാട്ടുകൾ പാടി നൽകിയിരുന്നതുമെല്ലാം മോഹൻലാൽ കുറിപ്പിൽ പങ്കുവച്ചിട്ടുണ്ട്.
മോഹൻലാലിന്റെ കുറിപ്പ്:
പ്രിയപ്പെട്ട ജയേട്ടൻ വിടവാങ്ങി. എന്നും യുവത്വം തുളുമ്പുന്ന ഗാനങ്ങളിലൂടെ തലമുറകളുടെ ഭാവഗായകൻ ആയി മാറിയ ജയേട്ടൻ എനിക്ക് ജ്യേഷ്ഠ സഹോദരൻ തന്നെ ആയിരുന്നു.
മഞ്ഞലയിൽ മുങ്ങിത്തോർത്തി വരുന്ന ഈ ശബ്ദം എല്ലാ മലയാളികളെയും പോലെ ഞാനും നെഞ്ചോടു ചേർത്തുപിടിച്ചു എല്ലാ കാലത്തും. ജയേട്ടൻ മിക്കപ്പോഴും വീട്ടിൽ വരാറുണ്ടായിരുന്നു. അമ്മയ്ക്ക് ഇഷ്ടമുള്ള ഗാനങ്ങൾ പാടി കേൾപ്പിക്കും. അനിയനെപ്പോലെ എന്നെ ചേർത്തുപിടിക്കും. വളരെ കുറച്ചു ഗാനങ്ങൾ മാത്രമേ എനിക്കുവേണ്ടി ജയേട്ടൻ സിനിമയിൽ പാടിയിട്ടുള്ളൂ എങ്കിലും അവയെല്ലാം ജനമനസ്സുകൾ ഏറ്റെടുത്തത് എന്റെ സൗഭാഗ്യമായി കരുതുന്നു.
ശബ്ദത്തിൽ എന്നും യുവത്വം കാത്തുസൂക്ഷിച്ച, കാലാതീതമായ കാല്പനിക ഗാനങ്ങൾ ഭാരതത്തിന് സമ്മാനിച്ച പ്രിയപ്പെട്ട ജയേട്ടന് പ്രണാമം.
വ്യാഴാഴ്ച രാത്രി എട്ട് മണിയോടെയായിരുന്നു മലയാളത്തിന്റെ ഭാവഗായകൻ വിടപറഞ്ഞത്. അർബുദത്തെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്ന അദ്ദേഹം പൂങ്കുന്നത്തെ വീട്ടിൽ വച്ച് കുഴഞ്ഞുവീഴുകയായിരുന്നു. തുടർന്ന് തൃശൂർ അമല ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. 80 വയസായിരുന്നു.
വെള്ളിയാഴ്ച രാവിലെ എട്ട് മണി മുതൽ പൂങ്കുന്നത്തെ വീട്ടിലാണ് പൊതുദർശനം. 10 മണി മുതൽ 12 വരെ സംഗീത നാടക അക്കാദമിയിലും പൊതുദർശനമുണ്ടാകും. മറ്റന്നാൾ വൈകിട്ട് ചേന്ദമംഗലം തറവാട്ട് വീട്ടിലാണ് സംസ്കാരം നടക്കുക.