സുരാജ് വെഞ്ഞാറമ്മൂട് നായകനായി ഡിസ്നി പ്ലസ് ഹോട്സ്റ്റാറിലൂടെ റിലീസിനെത്തുന്ന വെബ് സീരീസാണ് ‘നാഗേന്ദ്രൻസ് ഹണിമൂൺസ്’. ‘കസബ’, ‘കാവൽ’ എന്നീ ചിത്രങ്ങൾക്ക് ശേഷം നിതിൻ രഞ്ജി പണിക്കരാണ് നാഗേന്ദ്രൻസ് ഹണിമൂൺസിന്റെ രചനയും സംവിധാനവും നിർവഹിക്കുന്നത്. കോമഡിയ്ക്ക് പ്രധാന്യം നൽകുന്ന സീരീസിന്റെ ട്രെയിലർ പുറത്തിറക്കി.
സുരാജ് വെഞ്ഞാറമൂടിന് പുറമേ, ഗ്രേസ് ആന്റണി, ശ്വേതാ മേനോൻ, കലാഭവൻ ഷാജോൺ, രമേശ് പിഷാരടി, കനി കുസൃതി, അൽഫി പഞ്ഞിക്കാരൻ, പ്രശാന്ത് അലക്സാണ്ടർ, നിരഞ്ജനാ അനൂപ്, അമ്മു അഭിരാമി, ജനാർദ്ദനൻ തുടങ്ങി നിരവധി താരങ്ങളാണ് സീരീസിൽ അണിനിരക്കുന്നത്.
കേരള ക്രൈം ഫയൽ, പേരല്ലൂർ പ്രീമിയർ ലീഗ്, മാസ്റ്റർ പീസ് തുടങ്ങിയ സീരീസുകൾക്ക് ശേഷം ഹോട്സ്റ്റാർ ഒരുക്കുന്ന സീരീസാണ് നാഗേന്ദ്രൻസ് ഹണിമൂൺസ്. ‘1 ലൈഫ്, 5 വൈവ്സ്’ എന്ന ടാഗ് ലൈനിലാണ് സീരീസ് എത്തുന്നത്. നിഖിൽ എസ്. പ്രവീൺ ക്യാമറയും, രഞ്ജിൻ രാജ് സംഗീത സംവിധാനവും നിർവഹിക്കുന്നു. സീരീസ് ജൂലൈ 19 മുതൽ ഹോട്സ്റ്റാറിൽ സ്ട്രീമിങ് ആരംഭിക്കും. മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ, ബംഗാളി, മറാത്തി ഭാഷകളിൽ സീരീസ് ലഭ്യമാണ്.