Spread the love

പ്രതിസന്ധിയിലായ പ്രവാസികളെ സഹായിക്കണം ;കേന്ദ്ര സർക്കാർ ഇടപെടൽ ആവശ്യപ്പെട്ട് ഒഐസിസി.


മനാമ : കോവിഡ് മഹാമാരി മൂലം പ്രതിസന്ധിയിലായ പ്രവാസികളെയും അവരുടെ കുടുംബങ്ങളെയും സഹായിക്കാൻ കേന്ദ്ര സർക്കാർ തയാറാകണമെന്ന് ബഹ്‌റൈൻ ഒഐസിസി കേന്ദ്ര വിദേശകാര്യ വകുപ്പ് സഹമന്ത്രി വി മുരളീധരന് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു. ഒഐസിസി ഗ്ലോബൽ ജനറൽ സെക്രട്ടറി രാജു കല്ലുംപുറം, ദേശീയ പ്രസിഡന്റ്‌ ബിനു കുന്നന്താനം, എബ്രഹാം സാമുവേൽ എന്നിവർ നിവേദക സംഘത്തിൽ ഉണ്ടായിരുന്നു.
കോവിഡ് വാക്സീൻ രണ്ടു ഡോസും എടുത്തു വിദേശ രാജ്യത്തേക്ക് പോകുന്ന പ്രവാസികൾക്ക് സംസ്ഥാന സർക്കാർ നൽകുന്ന സർട്ടിഫിക്കേറ്റ് ആണ് ഇപ്പോൾ ഉപയോഗിക്കുന്നത്. ഇതു മൂലം പല വിമാനത്താവളങ്ങളിലും വിദേശരാജ്യങ്ങളിലും പലവിധ ബുദ്ധിമുട്ട് അനുഭവിക്കുകയാണ്.
കേന്ദ്ര ആരോഗ്യവകുപ്പിന്റെ സർട്ടിഫിക്കേറ്റ് വിതരണം കാര്യക്ഷമം ആക്കണം എന്നും, വിദേശ രാജ്യങ്ങളിലേക്ക് പോകുന്ന എല്ലാ പ്രവാസികൾക്കും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ വാക്സീൻ സർട്ടിഫിക്കറ്റ് ലഭ്യമാക്കണം,
കോവിഡ് മൂലം മരണപ്പെട്ട എല്ലാ പ്രവാസികളുടെയും കുടുംബങ്ങളെ സാമ്പത്തികമായി സഹായിക്കാൻ വേണ്ട പദ്ധതി ആരംഭിക്കണം, സുപ്രീംകോടതിയുടെ നിർദേശാനുസരണം കോവിഡ് മൂലം  പ്രവാസ ലോകത്ത് മരണപ്പെട്ട എല്ലാ ആളുകൾക്കും ആനുകൂല്യങ്ങൾ ലഭ്യമാക്കണം, അവധിക്ക് നാട്ടിൽ എത്തിച്ചേർന്നിട്ട് വിമാനസർവീസ് ഇല്ലാത്തത് മൂലം വിസ കാലാവധി കഴിഞ്ഞു നാട്ടിൽ കുടുങ്ങിപ്പോയ എല്ലാ പ്രവാസികളെയും വിദേശ രാജ്യങ്ങളിലെ ഗവൺമെന്റുകളുമായി ചർച്ച നടത്തി തിരികെ എത്തിക്കാനുള്ള നടപടികൾ സ്വീകരിക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങൾ മന്ത്രിക്ക് നൽകിയ നിവേദനത്തിലൂടെ ആവശ്യപ്പെട്ടിരിക്കുകയാണ് ഒഐസിസി.

Leave a Reply