തുടർച്ചയായ രണ്ടാം ദിവസമാണ് ഇന്ധന വില കൂടുന്നത്. ഇന്ന് പെട്രോളിന് 90 പൈസയുടെ വർധനയാണ് ഉണ്ടായത്. ഡീസൽ വിലയിൽ 84 പൈസ കൂടി. രണ്ട് ദിവസത്തിൽ പെട്രോളിന് കൂടിയത് ഒരു രൂപ 78 പൈസയും ഡീസലിന് കൂടിയത് 69 പൈസയുമാണ്. ഇന്നലെ രാവിലെ പെട്രോളിന് 88 പൈസയും ഡിസലിന് 85 പൈസയും കൂട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും വില കൂട്ടിയത്. തിരുവനന്തപുരത്ത് ഇന്ന് ഒരു ലിറ്റർ ഡീസലിന് 95.15 രൂപയും പെട്രോളിന് 108.9 രൂപയുമാണ്.
വീട്ടാവശ്യത്തിനുള്ള പാചകവാതകത്തിന് ഇന്നലെ ഒറ്റയടിക്ക് കൂട്ടിയത് 50 രൂപയാണ്. 5 സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് എണ്ണവില വര്‍ധന സര്‍ക്കാര്‍ മരവിപ്പിച്ച സമയത്ത് 82 ഡോളറിനരികെയായിരുന്നു ക്രൂഡ് ഓയിൽ വില. അതിപ്പോള്‍ 118 ഡോളറിനരികെയെത്തിയിട്ടുണ്ട്. എണ്ണക്കമ്പനികള്‍ എല്ലാ ദിവസവും വില പുതുക്കി നിശ്ചയിക്കാന്‍ തുടങ്ങിയതോടെ വില വര്‍ധന ഇനി മിക്ക ദിവസവും ഉണ്ടാകാം. അതു കൊണ്ട് വില പതുക്കെ എല്ലാ മേഖലയിലും വില ഉയരും.