ഗുരുവായൂർ ഉത്സവ വേദിയിൽ നൃത്തം ചെയ്യുന്നതിനിടെ വികാരാധീനയായി നടി നവ്യാ നായർ. കൃഷ്ണ സ്തുതി കേട്ട് നവ്യ കണ്ണീരണിയുന്നതും ഒരു മുത്തശ്ശി ഓടി നവ്യയുടെ അടുത്തേക്ക് പോകുന്നതിന്റെയും വീഡിയോ പുറത്തുവന്നിട്ടുണ്ട്. നൃത്തത്തിന്റെ അവസാനമാണ് മുത്തശ്ശി വേദിയ്ക്ക് അരികിലേക്ക് ഓടിയെത്തുന്നത്. സെക്യൂരിറ്റി ജീവനക്കാരൻ മുത്തശ്ശിയെ വേദിക്കരികിൽ നിന്നും മാറ്റാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ഒടുവിൽ നവ്യ മുത്തശ്ശിയുടെ അടുത്തെത്തിയതും അവർ കയ്യിൽ പിടിച്ച് ചുംബിക്കുകയും ചെയ്യുന്നുണ്ട്.
‘ഒരു നേരമെങ്കിലും കാണാതെ വയ്യെന്റെ ഗുരുവായൂരപ്പാ നിൻ ദിവ്യ രൂപം. കൃഷ്ണന്റെ മായാജാലം ദാ ഇങ്ങനെയും’,- എന്ന അടിക്കുറിപ്പും വീഡിയോയ്ക്ക് നൽകിയിട്ടുണ്ട്. മുത്തശ്ശിയ്ക്ക് ഒപ്പമുള്ള ഫോട്ടോയും നവ്യപങ്കുവച്ചിട്ടുണ്ട്. ‘എനിക്ക് പറയാൻ വാക്കുകളില്ല. സർവം കൃഷ്ണാർപ്പണം’ എന്ന അടിക്കുറിപ്പോടെയാണ് മുത്തശ്ശിയുടെ ചിത്രം നവ്യ പങ്കുവച്ചിരിക്കുന്നത്.
വീഡിയോയും ചിത്രവും പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയയിൽ വെെറലായി. ‘കണ്ണന്റെ സ്വന്തം ബാലാമണി’, ‘ഭഗവാനെ വിളിച്ചാൽ ആരുടെ കണ്ണാ നനയാത്തത് ‘, ‘ഭാഗ്യം ചെയ്ത കലാകാരി’, ‘ കണ്ണൻ തന്റെ സ്നേഹവും സന്തോഷവും ആ അമ്മയിലൂടെ ചേച്ചിക്ക് പകർന്നല്ലോ’, ‘ഒരു കലാകാരി എന്ന നിലയിൽ ഇതിനേക്കാൾ വലിയ വേറെ എന്ത് അംഗീകാരം ആണ് വേണ്ടത്’ തുടങ്ങിയ നിരവധി കമന്റുകൾ വീഡിയോയ്ക്ക് ലഭിച്ചിട്ടുണ്ട്.