ഇന്ത്യൻ ബാഡ്മിന്റൺ താരവും ഒളിമ്പ്യനുമായ പിവി സിന്ധുവും വെങ്കട്ട ദത്ത സായിയും വിവാഹിതരായി. പമ്പര്യമായ ചടങ്ങുകളോടെയായിരുന്നു മാംഗല്യം. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് പങ്കെടുത്തത്. ഔദ്യോഗികമായി ചിത്രങ്ങളൊന്നും ഇരുവരും പുറത്തുവിട്ടിട്ടില്ല. അതേസമയം കേന്ദ്ര സാംസ്കാരിക- ടൂറിസം മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്ത് വധുവരന്മാരെ അനുഗ്രഹിക്കാൻ എത്തിയിരുന്നു. അദ്ദേഹം പങ്കുവച്ച ഒരു ചിത്രം മാത്രമാണ് ഇതുവരെ പുറത്തുവന്നത്. ഉദയ്പൂരിലായിരുന്നു വിവാഹം നടന്നത്.
രണ്ടു ഒളിമ്പിക്സ് മെഡൽ ജേതാവായ സിന്ധു ഹൈദരാബാദുകാരനായ വെങ്കട്ട ദത്ത സായ് എന്ന ബിസിനസുകാരനെയാണ് ജീവിത പങ്കാളിയാക്കിയത്. പോസിഡെക്സ് ടെക്നോളജീസിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറാണ് സായ്. അടുത്തിടെയായിരുന്നു ഇവരുടെ വിവാഹ നിശ്ചയം.താരം തന്നെയാണ് ഇൻസ്റ്റഗ്രാമിലൂടെ ചിത്രം പങ്കിട്ട് വിവരം ഏവരെയും അറിയിച്ചത്.