കഴിഞ്ഞദിവസമാണ് കുപ്രസിദ്ധ ഗുണ്ടാ നേതാവ് ഓം പ്രകാശുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസിൽ നടൻ ശ്രീനാഥ് ഭാസിയും നടി പ്രയാഗ മാർട്ടിനും പേര് ചേർക്കപ്പെട്ടെന്ന ഞെട്ടിക്കുന്ന വാർത്ത പുറത്തുവന്നത്. വാർത്ത വ്യാപകമായി പ്രചരിച്ചതിനു പിന്നാലെ സൈബർ ഇടങ്ങളിൽ വലിയ തോതിൽ ഇരുവരും ആക്രമണങ്ങൾ നേരിട്ടുകൊണ്ടിരിക്കുകയാണ്.
ഇരുവരുടെയും വസ്ത്രധാരണം, ഹെയർ സ്റ്റൈൽ, മുതൽ സ്വഭാവ രീതി വരെ വിമർശകർ ഇഴകീറി പരിശോധിച്ച് കുറ്റപ്പെടുത്തുകയും വിമർശിക്കുകയും ചെയ്യുന്നതിനിടെ തനിക്കെതിരെ വരുന്ന ആരോപണങ്ങളിൽ വിശദീകരണവും വ്യക്തതയുമായി എത്തിയിരിക്കുകയാണ് നടി പ്രയാഗ മാർട്ടിൻ.
ഓംപ്രകാശ് എന്ന വ്യക്തിയെ നേരിട്ടോ അല്ലാതെയോ തനിക്ക് പരിചയമില്ല. കേസിൽ ആരോപിക്കുംപോലെ ഹോട്ടലിൽ പോയെങ്കിലും ഓംപ്രകാശിനെ കണ്ടിട്ടില്ല. തന്റെ സുഹൃത്തുക്കളോടൊപ്പം അവരുടെ സുഹൃത്തുക്കളേ സന്ദർശിക്കാനാണ് അന്ന് ഹോട്ടലിൽ പോയതെന്നും, ആ സുഹൃത്തുക്കളുടെ പേരോ പശ്ചാത്തലമോ അന്വേഷിക്കേണ്ട കാര്യം തനിക്കില്ലെന്നും പ്രയാഗ പറയുന്നു.
അന്ന് തനിക്ക് ഒരു ഉദ്ഘാടന ചടങ്ങ് ഉള്ളതിനാൽ ഏഴുമണിക്ക് തന്നെ അവിടെ നിന്നും ഇറങ്ങിയെന്നും കേസുമായി ബന്ധമില്ലെന്നും വ്യക്തമാക്കിയ പ്രയാഗ മാർട്ടിൻ തന്റെ ജീവിതം തനിക്ക് ഇഷ്ടമുള്ളത് പോലെ ജീവിക്കാനുള്ളതാണെന്നും അതിനെപ്പറ്റി മറ്റുള്ളവർ അഭിപ്രായം പറഞ്ഞാൽ ചെവി കൊള്ളാറില്ലെന്നും വ്യക്തമാക്കി. അതേസമയം തന്നെപ്പറ്റി വാസ്തവവിരുദ്ധമായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നത് കേട്ട് തനിക്ക് മിണ്ടാതിരിക്കാൻ കഴിയില്ലെന്നും സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്ന വാർത്തകളിൽ ഒരു അടിസ്ഥാനവും ഇല്ലെന്നും നടി പറയുന്നു.