പ്രവേശന വിലക്ക് നീട്ടി ഒമാൻ ;പ്രവാസികൾക്ക് തിരിച്ചടി.
മസ്‌കത്ത്: നാട്ടിൽ കുടുങ്ങിയ ഒമാൻ പ്രവാസികളുടെ പ്രതീക്ഷകൾക്കു തിരിച്ചടിയായി പ്രവേശന വിലക്ക് നീട്ടി. കോവിഡ് സാഹചര്യത്തിൽ ഇന്ത്യ ഉൾപ്പെടെ 23 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ഏർപ്പെടുത്തിയ നിരോധനം തുടരുമെന്ന് ഒമാൻ അധികൃതർ അറിയിച്ചു. ഈ രാജ്യങ്ങളിൽ 14 ദിവസത്തിനിടെ സന്ദർശനം നടത്തിയവരെയും പ്രവേശിപ്പിക്കില്ല. അതേസമയം, ആരോഗ്യ പ്രവർത്തകർ, നയതന്ത്ര ഉദ്യോഗസ്ഥർ എന്നിവർക്കും കുടുംബാംഗങ്ങൾക്കും ഇളവുണ്ട്. വിലക്ക് നീങ്ങുമെന്ന തരത്തിൽ കഴിഞ്ഞദിവസം വാർത്ത പ്രചരിച്ചതോടെ പ്രവാസികൾ പ്രതീക്ഷയിലായിരുന്നു.
സൗദിയിലും ഇന്ത്യക്കാർക്ക് യാത്രാവിലക്ക് തുടരുകയാണ്. വിലക്കില്ലാത്ത രാജ്യങ്ങളിൽ 14 ദിവസം തങ്ങിയശേഷമാണ് ഇന്ത്യക്കാർ ഇപ്പോൾ സൗദിയിലെത്തുന്നത്.കുവൈത്തിലേക്കും നേരിട്ടു വിമാനസർവീസ് ഇല്ലാത്തതിനാൽ ഈ വഴി തന്നെയാണ് ഇന്ത്യക്കാർ സ്വീകരിക്കുന്നത്.എന്നാൽ, മറ്റൊരു രാജ്യത്തു തങ്ങുന്നതുൾപ്പെടെ യാത്രാ പാക്കേജിനു വൻ തുക മുടക്കണം. കുവൈത്തിൽനിന്ന് ഇന്ത്യയിലേക്ക് വിമാനമുണ്ട്.എന്നാൽ,ലണ്ടൻ സർവീസ് എയർ ഇന്ത്യ പുനരാരംഭിച്ചു. ഇന്നലെ പുലർച്ചെ 3.18ന് ലണ്ടനിൽ നിന്ന് കൊച്ചിയിലെത്തിയ വിമാനത്തിൽ 221 യാത്രക്കാരുണ്ടായിരുന്നു. രാവിലെ 5.57ന് 232 യാത്രക്കാരുമായി വിമാനം മടങ്ങി. 22 മുതൽ ആഴ്ചയിൽ 3 സർവീസുകളുണ്ടാകും. ഞായർ, ബുധൻ, വെള്ളി ദിവസങ്ങളിലാണ് സർവീസുകൾ.