യാത്രാവിലക്ക് നീക്കി ഒമാനും;ഒന്ന് മുതൽ
താമസവീസക്കാർക്ക് നിബന്ധനകളോടെ യാത്രാനുമതി.
മസ്കത്ത് : നിശ്ചിത കോവിഡ് വാക്സീന്റെ 2 ഡോസും എടുത്ത, താമസവീസയുള്ള ഇന്ത്യക്കാർക്ക് അടുത്തമാസം 1 മുതൽ പ്രവേശനം അനുവദിക്കുമെന്ന് ഒമാൻ അറിയിച്ചു. ഓൺ അറൈവൽ വീസ ലഭിക്കുന്നവർക്കും പ്രവേശനം നൽകുമെന്നു സിവിൽ ഏവിയേഷൻ അതോറിറ്റി (സിഎഎ) വ്യക്തമാക്കി. കോവിഡ് വന്നു സുഖപ്പെട്ടവർക്ക് അതിന്റെ രേഖകളുണ്ടെങ്കിൽ വാക്സീനെടുക്കാതെ യാത്ര ചെയ്യാമെന്നു സൂചനയുണ്ടെങ്കിലും വിശദാംശങ്ങൾ ലഭ്യമായിട്ടില്ല. മറ്റു വീസക്കാരുടെ കാര്യവും വ്യക്തമാക്കിയിട്ടില്ല. ഏപ്രിൽ 24ന് ഏർപ്പെടുത്തിയ പ്രവേശനവിലക്ക് പിൻവലിച്ചതു മലയാളികളടക്കം നൂറുകണക്കിനു പ്രവാസികൾക്ക് ആശ്വാസമാകും.
അസ്ട്രസെനക (കോവിഷീൽഡ്), ഫൈസർ, സ്പുട്നിക്, സിനോവാക് എന്നിവയിൽ ഏതെങ്കിലും വാക്സീൻ എടുത്തതിന്റെ ക്യുആർ കോഡ് സഹിതമുള്ള സർട്ടിഫിക്കറ്റ് കരുതണം. കുത്തിവയ്പെടുത്തു 14 ദിവസം കഴിഞ്ഞവരേ യാത്ര ചെയ്യാൻ അനുവാദമുള്ളൂ.യാത്രയ്ക്ക് 72 മണിക്കൂറിനകമുള്ള ആർടി പിസിആർ പരിശോധനയുടെ ക്യുആർ കോഡ് സഹിതമുള്ള നെഗറ്റീവ് റിപ്പോർട്ട് വേണം. 8 മണിക്കൂറിൽ കൂടുതൽ യാത്ര ചെയ്യേണ്ട സ്ഥലങ്ങളിൽ നിന്നുള്ളവരാണെങ്കിൽ 96 മണിക്കൂറിനകമുള്ള റിപ്പോർട്ട് മതിയാകും.
യാത്രക്കാർ തരാസുദ് പ്ലസ് ആപ്പിൽ വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് സഹിതം റജിസ്റ്റർ ചെയ്യണമെന്നതും നിർബന്ധമാണ്.ഒമാനിലെ വിമാനത്താവളങ്ങളിൽ ആർടിപിസിആർ പരിശോധന നടത്താനുള്ള ഫീസും അടയ്ക്കണം. പരിശോധനയ്ക്ക് 19 റിയാലും (ഏകദേശം 3658 രൂപ) ഐസലേഷനിൽ കഴിയുമ്പോഴുള്ള ട്രാക്കിങ് ബ്രേസ്‌ലറ്റിന് 6 റിയാലും (ഏകദേശം 1155 രൂപ)ആണു നിരക്ക്.
വിമാനത്താവളത്തിലെ പരിശോധനയിൽ പോസിറ്റീവ് ആണെങ്കിൽ 10 ദിവസമാണ് ഐസലേഷൻ.
കോവിഡിൽ നിന്നു സുഖം പ്രാപിച്ച ശേഷം എത്തുന്നവർ, മസ്കത്ത് വിമാനത്താവളത്തിലെ പരിശോധനയിൽ പോസിറ്റീവ് റിപ്പോർട്ട് ലഭിച്ചാൽ, ഐസലേഷൻ പൂർത്തിയാക്കിയതിന്റെ രേഖ കാണിച്ചാൽ വീണ്ടും ഐസലേഷനിൽ കഴിയേണ്ടതില്ല.
എന്നാൽ,ഇന്ത്യയിൽ നിന്നു കുവൈത്തിലേക്ക് നേരിട്ടുള്ള വിമാന സർവീസ് പുനരാരംഭിക്കുന്ന തീയതി തീരുമാനമായില്ല. കോവിഡ് സാഹചര്യത്തിലുള്ള മാനദണ്ഡങ്ങളിൽ തീർപ്പാകാത്തതാണു കാരണം. പ്രതിദിനം കുവൈത്തിൽ ഇറങ്ങാവുന്ന യാത്രക്കാരുടെ എണ്ണം സംബന്ധിച്ചും വ്യക്തത വരുത്തേണ്ടതുണ്ട്. ഓരോ രാജ്യത്ത് നിന്നും എത്താവുന്നവരുടെയും ഓരോ വിമാനക്കമ്പനിക്കും അനുവദിക്കേണ്ട യാത്രക്കാരുടെയും എണ്ണവും നിജപ്പെടുത്തണം. അതേസമയം, കോവിഡ് നില മോശമായി തുടരുന്ന രാജ്യങ്ങളിൽനിന്ന് നേരിട്ടുള്ള സർവീസ് ആരംഭിക്കാൻ തിടുക്കം കൂട്ടേണ്ടതില്ലെന്ന് കഴിഞ്ഞ ദിവസം കുവൈത്ത് ആരോഗ്യമന്ത്രാലയം അഭിപ്രായപ്പെട്ടതായാണ് റിപ്പോർട്ടുകൾ.