Spread the love

‘ആദ്യത്തെ സിനിമ അഭിനയിച്ച് എങ്ങോട്ടെങ്കിലും ഓടിപോകാമെന്ന് കരുതിയാണ്! എത്രയോ കളിയാക്കലുകൾ അപമാന വാക്കുകൾ, ദ്രോഹങ്ങൾ, തെറ്റായ അഭ്യൂഹങ്ങൾ’. 24 വർഷത്തെ തന്റെ ദുർഘടവും അതേസമയം വിജയവും ആഹ്ളാദവും കലർന്ന സിനിമ ജീവിതത്തെ കുറിച്ച് നടൻ ധനുഷ് പറഞ്ഞ വാക്കുകളാണിവ. തന്റെ സ്വന്തം സംവിധാനത്തിൽ പുറത്തിറങ്ങുന്ന ഏറ്റവും പുതിയ ചിത്രം ‘രായൻ’ന്റെ ഓഡിയോ ലോഞ്ചിലായിരുന്നു നടന്റെ വൈകാരിക പ്രകടനം.

പ്രതിസന്ധികളിൽ തളരാതെ തമിഴിലും ബോളിവുഡിലും പിന്നീട് ഹോളിവുഡിലേക്കും എത്തി ശ്രദ്ധേയനായ താരമാണ്‌ ധനുഷ്. ധനുഷിന്റെ ജീവിതത്തിലെ ഏറേ പ്രാധാന്യമുള്ള ചിത്രം കൂടിയാണ് വരാനിരിക്കുന്ന ‘രായൻ’. ചിത്രത്തിലൂടെ നടൻ തന്റെ കരിയറിലെ അമ്പതാം സിനിമ പൂർത്തീകരിക്കുകയാണ്. ഈ അവസരത്തിലാണ് പൊതുവെ മുഖ്യധാരാ സിനിമാ നടന്മാർക്കുള്ള ആകാരമോ കഴിവോ ഇല്ലെന്ന് സ്വയം ധരിച്ചിരുന്ന തന്റെ പടങ്ങൾ ഏറ്റെടുത്ത് ഇന്നത്തെ നിലയിൽ എത്തിച്ചതിന് നടൻ പ്രേക്ഷകരോട് നന്ദി പറഞ്ഞത്.

ധനുഷിന്റെ വാക്കുകൾ..

മെലിഞ്ഞ്, കാണാൻ ഒരു ഭംഗിയും കഴിവും ഇല്ലാതിരുന്ന തന്നിലെ സൗന്ദര്യത്തെ പ്രേക്ഷകർ തിരിച്ചറിഞ്ഞു. പ്രേക്ഷകർക്ക് വേണ്ടി എന്തെങ്കിലും നൽകാൻ ആഗ്രഹിക്കുന്നു. അതിനാൽ ‘രായൻ’ സിനിമ സ്വയം സംവിധാനം ചെയ്യാൻ തീരുമാനിച്ചു. ചിത്രം പ്രേക്ഷകർക്ക് സമർപ്പിക്കുകയാണ്.

ഇത്രയും സിനിമകൾ ചെയ്യുമെന്ന് ഞാൻ സ്വപ്നത്തിൽ പോലും കരുതിയിരുന്നതല്ല. ആദ്യത്തെ സിനിമ അഭിനയിച്ച് എങ്ങോട്ടെങ്കിലും ഓടിപോകാമെന്ന് കരുതിയാണ് വന്നത്. 2000-ലാണ് ഞാൻ ആദ്യമായി അഭിനയിക്കുന്നത്. ആ സിനിമ 2002-ൽ റിലീസ് ആയി. 24 വർഷങ്ങൾ, എത്രയോ കളിയാക്കലുകൾ അപമാന വാക്കുകൾ, ദ്രോഹങ്ങൾ, തെറ്റായ അഭ്യൂഹങ്ങൾ. ഇതെല്ലാത്തിനെയും മറികടന്ന് ഇവിടെ ഞാൻ നിൽക്കുന്നുണ്ടെങ്കിൽ അതിന് കാരണം നിങ്ങളിൽ നിന്നുയരുന്ന ശബ്ദമാണ്.

ഞാൻ സിനിമയിൽ വരുമ്പോൾ മെലിഞ്ഞ്, കറുത്ത, ഒരു കഴിവുമില്ലാത്തവനായാണ് ഇരുന്നത്, എന്നാൽ ഇത്രയും നാളിലെ എന്റെ സൗന്ദര്യത്തെ നിങ്ങൾ കാണുന്നു. ഇം​ഗ്ലീഷ് സംസാരിക്കാൻ പോലും അറിയാതിരുന്ന എന്നെ ഹോളിവുഡ് സിനിമയിൽ അഭിനയിപ്പിച്ച് അതിൽ അഴക് കാണുന്നു. രായൻ എന്റെ 50-മത് സിനിമയാണ് എന്ന് മനസിലായപ്പോൾ നിങ്ങൾക്ക് വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന് ഞാൻ ആ​ഗ്രഹിച്ചു. അതുകൊണ്ട് എന്റെ അമ്പതാം സിനിമ ഞാൻ തന്നെ സംവിധാനം ചെയ്യണമെന്ന് കരുതി. രായൻ നിങ്ങൾക്ക് വേണ്ടിയുള്ള സമർപ്പണമാണ്.

ആക്ഷൻ രംഗങ്ങൾ കൊണ്ട് സമ്പന്നമായ ഒരു ഒരു ഗ്യാങ്സ്റ്റർ ആക്ഷൻ ഫ്ലിക്ക് ചിത്രമാണ് രായൻ. സൺ പിക്ച്ചേഴ്‌സിന്റെ ബാനറിൽ കലാനിധി മാരൻ നിർമ്മിക്കുന്ന ചിത്രത്തിൽ അപർണ ബാലമുരളിയാണ് നായിക. എസ് ജെ സൂര്യയും ചിത്രത്തിൽ ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്. ചിത്രം ജൂലൈ 26നാണ് റിലീസ് ചെയ്യുക.

Leave a Reply