Spread the love
ഒമിക്രോണ്‍: മലപ്പുറത്തും അടിയന്തര യോഗം ചേര്‍ന്നു

മലപ്പുറം: സംസ്ഥാനത്ത് ഒമിക്രോണ്‍ കേസുകള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ ജില്ലയില്‍ സ്വീകരിക്കേണ്ട മുന്‍കരുതല്‍ നടപടികള്‍ തീരുമാനിക്കുന്നതിന് ജില്ലാ കലക്ടര്‍ വി.ആര്‍ പ്രേംകുമാറിന്റെ അധ്യക്ഷതയില്‍ ദുരന്തനിവാരണ അതോറിറ്റി അടിയന്തര യോഗം ചേര്‍ന്ന് സ്ഥിഗതികള്‍ വിലയിരുത്തി. രോഗവ്യാപനം തടയുന്നതിന് ആവശ്യമായ തയാറെടുപ്പുകള്‍ നടത്താന്‍ വിവിധ വകുപ്പുകള്‍ക്ക് ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കി. ഐ.സി.യു, വെന്റിലേറ്ററുകള്‍, ഓക്‌സിജനും മറ്റ് സൗകര്യങ്ങളും ലഭ്യമാക്കാന്‍ നോഡല്‍ ഓഫീസര്‍മാരുടെ നേത്യത്വത്തില്‍ വിവിധ സമിതികള്‍ രൂപീകരിച്ചു. കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യമുണ്ടായാല്‍ നേരിടുന്നതിന് ആരോഗ്യവകുപ്പ്, പോലീസ്, റവന്യു മറ്റ് അവശ്യസേവന വിഭാഗങ്ങള്‍ എന്നിവ ഏകോപനത്തോടെ പ്രവര്‍ത്തിക്കാനും ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചു.

ജില്ലയില്‍ ജനസംഖ്യ കൂടുതലായതിനാല്‍ രോഗം വരാതെ സൂക്ഷിക്കാന്‍ എല്ലാവരും ജാഗ്രത പുലര്‍ത്തണമെന്ന് ദുരന്തനിവാര അതോറിറ്റി മുന്നറിയിപ്പ് നല്‍കി.

വിവാഹം, മരണാനന്തര ചടങ്ങുകള്‍ എന്നിവയില്‍ പങ്കെടുക്കാവുന്നവരുടെ എണ്ണം പരമാവധി 50 ആയി സര്‍ക്കാര്‍ പരിമിതപ്പെടുത്തിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഇത്തരം പരിപാടികളില്‍ കൂടുതലാളുകള്‍ പങ്കെടുക്കരുത്. നിയമലംഘനം ശ്രദ്ധയില്‍പ്പെട്ടാല്‍ പോലീസ് കര്‍ശന നടപടി സ്വീകരിക്കും.

കോവിഡ് ബാധിതരില്‍ ചികിത്സ ആവശ്യമായി വരുന്നവര്‍ക്ക് മികച്ച ചികിത്സ നല്‍കുന്നതിന് നടപടികള്‍ സ്വീകരിക്കും. കോവിഡ് ബാധിതരുടെ യാത്രാ സൗകര്യങ്ങള്‍ക്കായി ആര്‍.ടി.ഒയുടെ നേത്യത്വത്തില്‍ പ്രത്യേക സമിതി രൂപീകരിച്ചു. മെഡിക്കല്‍ ഉപകരണങ്ങള്‍ ഉള്‍പ്പെടെയുള്ളവ വാങ്ങുന്നതിനായി പ്രത്യേക സമിതിയും നിലവില്‍ വന്നു. ആവശ്യഘട്ടത്തില്‍ വാര്‍ഡ് തലങ്ങളില്‍ ആര്‍.ആര്‍.ടിയുടെ പ്രവര്‍ത്തനം ശക്തമാക്കും.

15നും 18നുമിടയില്‍ പ്രായമുള്ളവര്‍ക്കുള്ള വാക്‌സിനേഷന്‍ സൗകര്യം ജില്ലയില്‍ ഒരുക്കിയിട്ടുണ്ട്. ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണം. കോവിഡ് പ്രതിരോധ വാക്‌സീന്‍ ഒന്നാം ഡോസും രണ്ടാം ഡോസും സ്വീകരിക്കാത്തവര്‍ സമയബന്ധിതമായി വാക്‌സീന്‍ സ്വീകരിക്കണം. ബൂസ്റ്റര്‍ ഡോസിന് അര്‍ഹതയുള്ളവര്‍ അതും സ്വീകരിക്കണമെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ, എ.ഡി.എം എന്‍.എം മെഹറലി, സബ് കലക്ടര്‍ ശ്രീധന്യ സുരേഷ്, ഡി.എം.ഒ ഡോ. ആര്‍ രേണുക, മഞ്ചേരി മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ. നന്ദകുമാര്‍, പ്രിന്‍സിപ്പല്‍ അഗ്രികള്‍ച്ചര്‍ ഓഫീസര്‍ പി ശ്രീകല, ആര്‍.സി.എച്ച് ഓഫീസര്‍ ഡോ. ഷിബുലാല്‍, ഡെപ്യൂട്ടി കലക്ടര്‍മാര്‍, ഡി.ഡി.എം.എ അംഗങ്ങള്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply