ന്യൂഡൽഹി: കോവിഡ് 19 ഒമിക്രോൺ വകഭേദം ഇന്ത്യയിൽ ഔദ്യോഗികമായി സ്ഥിരീകരിക്കുന്നതിനും രണ്ട് ദിവസം മുമ്പ് എത്തിയിട്ടുണ്ടെന്ന് കർണാടകയിലെ ഉന്നത ആരോഗ്യവിദഗ്ധൻ. ഇന്ന് രാജ്യത്ത് അഞ്ചാമത്തെ ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ഉന്നത ആരോഗ്യ പ്രവർത്തകന്റെ വെളിപ്പെടുത്തൽ. നവംബർ മുപ്പതിന് കർണാടകയിൽ ഒമിക്രോൺ വകഭേദം കണ്ടെത്തിയെങ്കിലും ഡിസംബർ രണ്ടിനാണ് ഔദ്യോഗിക പ്രഖ്യാപനമുണ്ടായത്. കർണാടകയിലെ SARS-CoV-2 ന്റെ ജനിതക സ്ഥിരീകരണത്തിനുള്ള നോഡൽ ഓഫീസറും ഉന്നത വൈറോളജിസ്റ്റുമാണ് ന്യൂസ് 18 നോട് ഇക്കാര്യം വെളിപ്പെടുത്തിയത്. ലോകാരോഗ്യ സംഘടന (WHO)’ആശങ്കപ്പെടേണ്ട വകഭേദ’ത്തിന്റെ വിഭാഗത്തിൽ ഉൾപ്പെടുത്തയ വൈറസ് കർണാടകയിൽ നേരത്തേ കണ്ടെത്തിയിരുന്നുവെന്നും ഉറപ്പു വരുത്തുന്നതിനായി റിപ്പോർട്ട് കേന്ദ്രത്തിന് അയക്കുകയായിരുന്നുവെന്നാണ് ഡോ. വി രവി അറിയിച്ചിരിക്കുന്നത്.