Spread the love
ഒമിക്രോണ്‍: കേരളവും അതീവ ജാഗ്രതയില്‍; ആരോഗ്യ പ്രവര്‍ത്തകരെ വിമാനത്താവളങ്ങളില്‍ സജ്ജരാക്കി

തിരുവനന്തപുരം: രാജ്യത്ത് ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ച സാഹചര്യത്തില്‍ കേരളത്തിലും അതീവ ജാഗ്രത വേണമെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. അതിതീവ്ര വ്യാപന ശേഷിയുള്ള വകഭേദമായതിനാല്‍ കൂടുതല്‍ ശക്തമായ പ്രതിരോധം വേണമെന്നും വീണ ജോര്‍ജ് വാര്‍ത്ത സമ്മേളനത്തില്‍ വ്യക്തമാക്കി.

കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ നിര്‍ദേശങ്ങള്‍ അനുസരിച്ച് സംസ്ഥാനം എല്ലാ മുന്നൊരുക്കങ്ങളും നടത്തിയിട്ടുണ്ട്. നിലവില്‍ 26 രാജ്യങ്ങള്‍ ഹൈറിസ്‌ക് പട്ടികയിലുണ്ട്. ഈ രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് ആര്‍.ടി.പി.സി.ആര്‍ പരിശോധനയും 7 ദിവസം ക്വാറന്റൈനും നിര്‍ബന്ധമാക്കും. എട്ടാം ദിവസം വീണ്ടും പരിശോധന നടത്തണം. ഹൈറിസ്‌ക് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ പോസിറ്റീവ് ആയാല്‍ അവരെ ഐസോലേറ്റഡ് വാര്‍ഡിലേക്ക് മാറ്റും.

മറ്റ് രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ പോസിറ്റീവ് ആയാല്‍ വീട്ടീല്‍ ക്വാറന്റൈനില്‍ ഇരിക്കാവുന്നതാണ്. പക്ഷെ ആരോഗ്യ പ്രവര്‍ത്തകര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം. വിമാനത്താവളങ്ങളില്‍ ആരോഗ്യപ്രവര്‍ത്തകരെ സജ്ജരാക്കിയിട്ടുണ്ട്. നിലവില്‍ ഹൈറിസ്‌ക് ഉള്ള ആളുകള്‍ കേരളത്തിലില്ല. നിലവിലുള്ള പ്രാഥമികമായ നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണം.

അതിതീവ്ര വ്യാപന ശേഷിയുള്ള വൈറസാണ് ഒമൈക്രോണ്‍. വാക്‌സിന്‍ എടുത്തവര്‍ക്ക് രോഗത്തിന്റെ തീവ്രത കുറവാണ് എന്നാണ് നിലവിലുള്ള റിപ്പോര്‍ട്ടുകള്‍. വാക്‌സിന്‍ തന്നെയാണ് നിലവിലുള്ള ഏറ്റവും മികച്ച പ്രതിരോധം. രണ്ടാം ഡോസ് വാക്‌സിന്‍ എടുക്കാത്തവര്‍ എത്രയും പെട്ടെന്ന് എടുക്കണമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

Leave a Reply